സാമൂഹിക മാധ്യമങ്ങളില്‍ മോദിയെ കടത്തിവെട്ടി രാഹുല്‍ ഗന്ധി

Update: 2020-10-05 13:30 GMT

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടത്തിവെട്ടി രാഹുല്‍ ഗാന്ധി. ലൈക്ക്, കമന്റ്, ഷെയര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് എന്‍ഗെയ്ജ്‌മെന്റ് നിര്‍ണയിക്കുന്നത്. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള ഒരാഴ്ചത്തെ കണക്ക് അനുസരിച്ച് മോദിയുടെ ഫേസ് ബുക്ക് പേജിനേക്കാള്‍ 40 ശതമാനം എന്‍ഗെയ്ജ്‌മെന്റ് കൂടുതലുണ്ട് രാഹുലിന്റെ പേജിന്. ഫേസ് ബുക്ക് അനലറ്റിക്‌സ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഈ കണക്ക് പുറത്തുവിട്ടത്. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെ രാഹുല്‍ ഗാന്ധിയുടെ പോസ്റ്റുകള്‍ക്ക് 13.9 മില്യണ്‍ എന്‍ഗെയ്ജ്‌മെന്റാണ് ലഭിച്ചത്. ഇതേ കാലയളവില്‍ മോദിയുടെ പേജിലെ എന്‍ഗെയ്ജ്‌മെന്റ് 8.2 മില്യണ്‍ മാത്രമായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാഹുല്‍ ഗാന്ധി വാര്‍ത്തയില്‍ നിറയുകയാണ്. ഹാഥ്രാസ് വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ ഇടപെടലാണ് വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുള്ള യാത്രയും രാഹുല്‍ ഗാന്ധിയെ ആദ്യഘട്ടത്തില്‍ യുപി പോലിസ് തടഞ്ഞതും പിന്നീട് വീണ്ടും രാഹുലും പ്രിയങ്കയും ഹാഥ്‌റാസിലെത്തിയതുമെല്ലാം വലിയ ചര്‍ച്ചയായി. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടത്തിവെട്ടിയിരിക്കുന്നത്.