ഒഴിഞ്ഞുപോയില്ലെങ്കില്‍ ഡല്‍ഹി കലാപം ആവര്‍ത്തിക്കും; കര്‍ഷകര്‍ക്കെതിരേ കൊലവിളിയുമായി ഹിന്ദുത്വ നേതാവ്
ന്യൂഡല്‍ഹി: ഡിസംബര്‍ 16 നകം കര്‍ഷകര്‍ പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കില്‍ ഡല്‍ഹി കലാപം ആവര്‍ത്തിക്കുമെന്ന കൊലവിളിയുമായി ഹിന്ദുത്വ നേതാവ് രാഗിണി തിവാരി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഇവര്‍ കൊലവിളി നടത്തിയത്.
'ഹിന്ദുമതത്തിനെതിരായ ആക്രമണം മതിയായി. അത്തരം ആക്രമണങ്ങള്‍ ഞങ്ങള്‍ ഇനി സഹിക്കില്ല. ഹിന്ദുക്കളേ, പുറത്തുവരിക. മരിക്കുക അല്ലെങ്കില്‍ കൊല്ലുക. പിന്നീട് വിശ്രമിക്കാം. നിങ്ങളുടെ രക്തം ഇപ്പോള്‍ തിളച്ചില്ലെങ്കില്‍, അത് രക്തമല്ല, അത് വെള്ളമാണ്', എന്നായിരുന്നു രാഗിണി തിവാരി ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം നടക്കുമ്പോഴും സമാനമായ രീതിയില്‍ രാഗിണി ഭീഷണി മുഴക്കിയിരുന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നതിന് ദിവസങ്ങള്‍ക്കു മുമ്പാണ് ഇവര്‍ ഫേസ്ബുക്ക് ലൈവിലൂടെ വിദ്വേഷ പ്രചാരണം നടത്തിയത്.
'ഡല്‍ഹി കലാപത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് രാഗിണി സമ്മതിച്ചുകഴിഞ്ഞു. അതുതന്നെ കര്‍ഷകരോട് ചെയ്യുമെന്നും പറയുന്നു. ഡല്‍ഹി കലാപത്തിനു മുമ്പ് അവര്‍ നടത്തിയെ കൊലവിളിയില്‍ അവരെ അറസ്റ്റ് ചെയ്യുകപോലും ചെയ്തില്ല. കലാപത്തില്‍ ഡല്‍ഹി പോലീസിനുള്ള പങ്കാണിത് തെളിയിക്കുന്നത്.' നബിയ ഖാന്‍ എന്നയാള്‍ ട്വീറ്റ് ചെയ്തു. 'വിഷം ചീറ്റുന്ന ഈ സ്ത്രീയെ അറസ്റ്റ് ചെയ്യുക.' തുടങ്ങിയ വിമര്‍ഷനങ്ങള്‍ ഇവര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. സംഭവത്തിന് പിന്നാലെ പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. രാഗിണി തിവാരിയുടെ വിവാദ വീഡിയോ ഷെയര്‍ ചെയ്ത് എന്തുകൊണ്ട് ഇവരെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.

