ബാലക്കോട്ടിലെ ആക്രമണത്തില്‍ ജെയ്‌ഷെ മതപാഠശാലകള്‍ തകര്‍ന്നു: സ്ഥിരീകരിച്ച് ഉന്നതവൃത്തങ്ങള്‍

Update: 2019-03-02 06:37 GMT

ന്യൂഡല്‍ഹി: പാകിസ്താനിലെ ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമസേനയുടെ മിന്നലാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ നാലു മദ്രസകള്‍ തകര്‍ന്നതായി ഇന്ത്യ സ്ഥിരീകരിച്ചു. ഉന്നതവൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചതെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

സിന്തറ്റിക് അപെര്‍ച്ച്വര്‍ റഡാറില്‍ നിന്നും ലഭിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം. പാകിസ്താനിലെ ജെയ്‌ഷെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ചൊവാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണത്തിലാണ് നാലു കെട്ടിടങ്ങള്‍ തകര്‍ന്നതായി ഉന്നതവൃത്തങ്ങള്‍ അറിയിപ്പ് നല്‍കുന്നത്.

സാങ്കേതിക സഹായങ്ങളുടെ പരിമിതികള്‍ മൂലം ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരെ കുറിച്ചുള്ള ഏതെങ്കിലും തരത്തിലുള്ള വിലയിരുത്തലുകള്‍ തീര്‍ത്തും ഊഹാപോഹങ്ങളാണെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. വ്യോമസേനയും മിറാഷ്-2000 യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നാല് കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ ചിത്രങ്ങളും തെളിവുകളും ഉദ്യോഗസ്ഥരുടെ പക്കലുണ്ട്. ജെയ്‌ഷെ മുഹമ്മദ് നടത്തുന്ന മതപാഠശാലയടക്കമുള്ള കെട്ടിടങ്ങളാണ് തകര്‍ന്നത്.

ഇതേ ഭാഗത്താണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത് എന്ന വാര്‍ത്ത മുമ്പ് പാകിസ്താന്‍ സ്ഥിരീകരിച്ചിരുന്നെങ്കിലും അവിടെ ജെയ്‌ഷെ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്ന വാര്‍ത്ത അവര്‍ നിഷേധിച്ചിരുന്നു.'എന്തിനാണ് ഇന്ത്യന്‍ മിന്നലാക്രമണത്തിന് ശേഷം പാകിസ്താന്‍ മദ്രസ മുദ്രവച്ചത്?

എന്തിനാണ് അവര്‍ മാധ്യമപ്രവ്രര്‍ത്തകരെ മദ്രസ സന്ദര്‍ശിക്കാന്‍ അനുവദിക്കാതിരുന്നത്? മസൂദ് അസറിന്റെ അതിഥി കേന്ദ്രവും പരിശീലനം നടത്തുന്നവര്‍ക്ക് താമസിക്കാനുള്ളതും വിദ്യാര്‍ഥികള്‍ക്കുള്ളതും, പരിശീലനം നേടുന്നവര്‍ക്കായുള്ളതുമായ നാല് കെട്ടിടങ്ങള്‍ തകര്‍ത്തുവെന്നതിന് തങ്ങളുടെ കൈയ്യില്‍ തെളിവുകളായി റഡാര്‍ ചിത്രങ്ങളുണ്ടെന്നും ഒരു ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

എന്നാല്‍ ഈ ചിത്രങ്ങള്‍ പുറത്തു വിടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഉപഗ്രഹ ചിത്രങ്ങളുടെ അത്ര വ്യക്തത എസ്എആര്‍ ചിത്രങ്ങള്‍ക്കില്ലെന്നും കനത്ത മേഘങ്ങള്‍ ഉള്ളതിനാല്‍ ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമായില്ലെന്നും അവ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പരിഹാരമായേനെ എന്നും അദ്ദേഹം പറഞ്ഞു.



Tags: