ഉത്തര സൂചികയിലെ വംശീയ പരാമര്‍ശം: കേരള സര്‍വകലാശാലയിലേക്ക് പോപുലര്‍ ഫ്രണ്ട് മാര്‍ച്ച്

Update: 2022-05-09 15:39 GMT

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിനെ കാവിവല്‍ക്കരിക്കാന്‍ ആര്‍എസ്എസിന്റെ അച്ചാരം വാങ്ങി പണിയെടുക്കുന്ന ഉദ്യോഗസ്ഥന്‍മാരെ പുറത്താക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. ഉത്തര സൂചികയിലെ വംശീയ പരാമര്‍ശം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാലാ ആസ്ഥാനത്തേക്ക് പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ആഭ്യന്തര വകുപ്പ് പൂര്‍ണമായും കാവിവല്‍ക്കരിച്ചുവെന്ന ആക്ഷേപമാണ് നേരത്തെ ഉണ്ടായിരുന്നത്. എന്നാല്‍, ആഭ്യന്തര വകുപ്പിനെയും വിദ്യാഭ്യാസ വകുപ്പിനെയും മാത്രമല്ല, പിണറായി സര്‍ക്കാരിനെ പൂര്‍ണമായും മോദിയുടെ പ്രേതം ബാധിച്ചിരിക്കുകയാണ്.

കേരള സര്‍വകലാശാല പരീക്ഷ ഉത്തര സൂചികയില്‍ ന്യൂനപക്ഷങ്ങള്‍ക്കും ന്യൂനപക്ഷ സംഘടനകള്‍ക്കും തീവ്രവാദ മുദ്ര ചാര്‍ത്തിയ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഹിന്ദുത്വ വര്‍ഗീയവല്‍കരണത്തിനുള്ള പ്രത്യക്ഷ തെളിവാണ്. ചോദ്യപേപ്പര്‍ സൂചിക തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണം. ഇതിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണം. വിദ്യാഭ്യാസ വകുപ്പിലെ ഇത്തരമൊരു നീക്കം യാദൃശ്ചികമായി ഉണ്ടായതല്ല.

കേരള സര്‍ക്കാരിന്റെ നയനിലപാടുകള്‍ക്ക് വിരുദ്ധമായി പല വകുപ്പുകളിലും നടപ്പിലാക്കി കൊണ്ടിരിക്കുന്ന തീരുമാനങ്ങള്‍ മുസ്ലിം, ന്യൂനപക്ഷ വിരുദ്ധമാണ്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന സംഘടനകളേയും മോശമായി ചിത്രീകരിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ന്യൂനപക്ഷ സുരക്ഷകരെന്ന് മേനി നടിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുതന്നെ ഇത്തരം ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങള്‍ നടക്കുന്നത് ഗൗരവതരമാണ്. ആര്‍എസ്എസ് വിധേയത്വം പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്.

ആര്‍എസ്എസിന്റെ മുസ്‌ലിം വിരുദ്ധ അജണ്ടകള്‍ നടപ്പാക്കാന്‍ ഏണി ചാരുന്ന സമീപനമാണ് പിണറായി സര്‍ക്കാരും സംഘപരിവാര ദാസന്‍മാരായ ഉദ്യോഗസ്ഥരും സ്വീകരിക്കുന്നത്. പിണറായിയെ പിടികൂടിയ മോഡിയുടെ പ്രേതത്തെ ഒഴിപ്പിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം ഇടപെടണം. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ അടിമുടി പൊളിച്ചെഴുതി ഹിന്ദുത്വ അജണ്ടകള്‍ തിരുകി കയറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

എല്‍ഡിഎഫ് ഭരിക്കുന്ന കേരളത്തില്‍ ഇത്തരം നീക്കങ്ങള്‍ നടക്കുമ്പോള്‍ സിപിഎമ്മും മറ്റ് ഇടതുസംഘടനകളും തുടരുന്ന കുറ്റകരമായ മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള സര്‍വകലാശാലയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് കവാടത്തിന് മുന്നില്‍ പോലിസ് തടഞ്ഞു. തിരുവനന്തപുരം സോണല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് റഷീദ് മൗലവി, ജില്ലാ സെക്രട്ടറിമാരായ ഷിയാസ്, സജീര്‍, നോര്‍ത്ത് ജില്ലാ പ്രസിഡന്റ് റഫീഖ് മൗലവി, സെക്രട്ടറി നവാസ് ഖാന്‍ സംസാരിച്ചു.

Tags:    

Similar News