വംശീയ വിദ്വേഷ പോസ്റ്റ്: കെ ആർ ഇന്ദിരക്കെതിരേ കേസെടുത്ത് രണ്ട് വർഷം കഴിഞ്ഞും അറസ്റ്റില്ല!
രണ്ട് വർഷത്തിന് ശേഷമാണ് കേസിന്റെ തുടർ നടപടികൾ അന്വേഷിച്ച് വിപിൻദാസ് വിവരാവകാശ അപേക്ഷ നൽകിയത്. പരാതി നൽകിയ സമയത്ത് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു എന്നായിരുന്നു പോലിസ് വിശദീകരിച്ചിരുന്നത്.
കോഴിക്കോട്: പൗരത്വപ്രക്ഷോഭ കാലത്ത് മുസ് ലിംകൾക്കെതിരേ വംശീയ വിദ്വേഷ പോസ്റ്റുകളും കമന്‍റുകളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ രണ്ടു വർഷമായിട്ടും അന്വേഷണം പൂർത്തിയായില്ലെന്ന് പോലിസ്. കെ ആർ ഇന്ദിര എന്ന പ്രൊഫൈലിൽ നിന്ന് കടുത്ത വിദ്വേഷ പോസ്റ്റുകൾ പങ്കുവെച്ചത് ചൂണ്ടികാണിച്ച് മനുഷ്യാവകാശ പ്രവർത്തകൻ വിപിൻദാസ് 2019 ൽ കൊടുങ്ങല്ലൂർ പോലിസിൽ പരാതി നൽകിയത്.
അന്ന് പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതിന്റെ തുടർ നടപടി എന്തായെന്ന് ചോദിച്ച് വിപിൻദാസ് നൽകിയ വിവരാവകാശ അപേക്ഷക്കാണ് പോലിസ് മറുപടി നൽകിയത്. കേസിൽ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഫേസ്ബുക്ക് അധികൃതരിൽ നിന്ന് ഇതുവരെ മറുപടി ലഭിച്ചില്ലെന്നുമാണ് പോലിസ് വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടി.
പൗരത്വനിയമത്തിന്റെ ആനുകൂല്യം ലഭിക്കാത്ത ന്യൂനപക്ഷങ്ങളടക്കമുള്ളവരെ വന്ധ്യംകരിക്കണമെന്നും വോട്ടവകാശവും റേഷൻ കാർഡും നൽകാതെ കാംപിൽ പാർപ്പിക്കണമെന്നും കെ ആർ ഇന്ദിര എന്നയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ന്യൂനപക്ഷങ്ങളെ വംശീയ ഉൻമൂലനം നടത്തണമെന്നും ആ പ്രൊഫൈലിൽ നിന്ന് കമന്‍റ് ചെയ്തിരുന്നു. കടുത്ത വംശീയ വിദ്വേഷം നിറഞ്ഞ മറ്റു നിരവധി പോസ്റ്റുകളും കമന്‍റുകളും കെ ആർ ഇന്ദിര എന്ന പ്രൊഫൈലിൽ നിന്ന് തുടർച്ചയായി പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് വിപിൻ ദാസ് പരാതി നൽകിയത്.
രണ്ട് വർഷത്തിന് ശേഷമാണ് കേസിന്റെ തുടർ നടപടികൾ അന്വേഷിച്ച് വിപിൻദാസ് വിവരാവകാശ അപേക്ഷ നൽകിയത്. പരാതി നൽകിയ സമയത്ത് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു എന്നായിരുന്നു പോലിസ് വിശദീകരിച്ചിരുന്നത്. എന്നാൽ, ഇതുവരെ പ്രതിയെ അറസ്റ്റു ചെയ്തിട്ടില്ലെന്നാണ് രണ്ട് വർഷത്തിന് ശേഷം പോലിസ് പറയുന്നത്.
അന്വേഷണം ഇതുവരെയും പൂർത്തിയായിട്ടില്ല. മൊബൈൽ ഫോൺ പരിശോധനക്കായി കസ്റ്റഡിയിലെടുക്കുകയോ ഫോറൻസിക് ലാബിലേക്ക് അയക്കുകയോ ചെയ്തിട്ടില്ല. രണ്ടു വർഷത്തിന് ശേഷവും ഫേസ്ബുക്കിൽ നിന്ന് മറുപടി കിട്ടിയിട്ടില്ലെന്നും പോലിസ് നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നു.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ വിദ്വേഷ പ്രചരണത്തിന് 88 പേർക്കെതിരെ കേസെടുത്തതായി പോലിസ് അറിയിച്ചിരുന്നു. ഇതിൽ 31 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. ആർഎസ്എസിനെ വിമർശിച്ചതിന് കഴിഞ്ഞ ദിവസമാണ് എസ്ഡിപിഐ പ്രവർത്തകൻ ഉസ്മാൻ ഹമീദ് കട്ടപ്പനയ്ക്കെതിരേ വിദ്വേഷ പോസ്റ്റ് പങ്കുവച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്.

