ചോദ്യപേപ്പര്‍ മാറി നല്‍കി; കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

Update: 2021-12-15 11:46 GMT

കണ്ണൂര്‍: ചോദ്യ പേപ്പര്‍ മാറി നല്‍കിയതിനെത്തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റി. ബിഎ അഫ്‌സലുല്‍ ഉലമ ഒഴികെയുള്ള പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല പരീക്ഷാവിഭാഗം അറിയിച്ചു. ഇന്ന് നടന്ന സര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറിനല്‍കിയത്.

നാളെ നടക്കേണ്ട 'റീഡിങ്‌സ് ഓണ്‍ ജെന്‍ഡര്‍' എന്ന വിഷയത്തിന്റെ ചോദ്യപേപ്പറാണ് ഇന്ന് നല്‍കിയത്. കണ്ണൂര്‍ എസ്എന്‍ കോളജിലെ പരീക്ഷാകേന്ദ്രത്തിലാണ് വീഴ്ചയുണ്ടായത്. 'റീഡിങ്‌സ് ഓണ്‍ ലൈഫ് ആന്റ് നേച്ചര്‍' എന്ന പരീക്ഷയായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്. കവര്‍ മാറി പൊട്ടിച്ചുപോയെന്നാണ് വിശദീകരണം. ഈ പരീക്ഷ ഇനി പുതിയ ചോദ്യപേപ്പര്‍ തയ്യാറാക്കിയ ശേഷമായിരിക്കും നടത്തുക. ഇന്ന് തുടങ്ങിയ രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷയുടെ നടത്തിപ്പ് നേരത്തേ വിവാദത്തിലായിരുന്നു.

ഇന്ന് പരീക്ഷയെഴുതേണ്ട കുട്ടികള്‍ക്ക് ഹാള്‍ടിക്കറ്റ് നല്‍കിയത് ഇന്നലെ വൈകുന്നേരം മാത്രമാണ്. ഹാള്‍ടിക്കറ്റും കോളജുകള്‍ക്കുള്ള നോമിനല്‍ റോളും ചൊവ്വാഴ്ച വൈകിട്ടോടെ മാത്രമാണ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്. ഹാള്‍ടിക്കറ്റ് വൈകിയതോടെ പരീക്ഷ മാറ്റിവച്ചെന്ന തരത്തില്‍ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഒടുവില്‍ ഹാള്‍ടിക്കറ്റ് ഉടന്‍ വരുമെന്നും പരീക്ഷ നിശ്ചയിച്ച പോലെ നടക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ വിശദീകരണം ഇറക്കുകയായിരുന്നു.

Tags:    

Similar News