മലപ്പുറം ജില്ലയിലെ ക്വാറി ഖനന നിരോധനം തുടരും

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജിയോളജി സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയുടെ റിപോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. ഇതുപ്രകാരം 380ഓളം വീടുകളിലെ താമസക്കാരെ നിലവിലെ സ്ഥലത്തുനിന്നു മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും.

Update: 2019-09-06 09:50 GMT

മലപ്പുറം: ജില്ലയിലെ കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിലവിലുള്ള ഖനന നിരോധനം തുടരാന്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. സപ്തംബര്‍ 16ന് ചേരുന്ന ദുരന്തനിവാരണ അതോറിറ്റി യോഗം സാഹചര്യം വിലയിരുത്തിയ ശേഷം നടപടി പരിശോധിക്കും. നിരോധന സമയത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ ലൈസന്‍സ് റദ്ദാക്കാനും യോഗം തീരുമാനിച്ചു. ഇതിനായി പ്രത്യേക സ്‌ക്വാഡ് ജില്ലയില്‍ പരിശോധന നടത്തും.

    പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജിയോളജി സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയുടെ റിപോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. ഇതുപ്രകാരം 380ഓളം വീടുകളിലെ താമസക്കാരെ നിലവിലെ സ്ഥലത്തുനിന്നു മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും. ഒരു സ്‌കൂള്‍ കെട്ടിടവും ഇത്തരത്തില്‍ മാറ്റേണ്ടതായി വരും. ജില്ലാ അതോറിറ്റി അംഗീകാരം നല്‍കിയ ലിസ്റ്റ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുമ്പാകെ സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന അതോറിറ്റിയുടെ അംഗീകാരം ലഭിച്ച ശേഷം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.

    ജില്ലയിലെ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ നാശനഷ്ടം കണ്ടെത്തി തിട്ടപ്പെടുത്താന്‍ നിയോഗിക്കപ്പെട്ട സംഘങ്ങളുടെ സര്‍വേയില്‍ 6210 വീടുകളില്‍ പരിശോധന പൂര്‍ത്തിയായി. നിലമ്പൂര്‍ താലൂക്കില്‍ 1334 വീടുകളില്‍ സര്‍വേ പൂര്‍ത്തിയായി. ഏറനാട് 1442, തിരൂരങ്ങാടി 1132, പെരിന്തല്‍മണ്ണ 825, കൊണ്ടോട്ടി 559, തിരൂര്‍ 553, പൊന്നാനി 365 എന്നിങ്ങനെയാണ് പരിശോധന പൂര്‍ത്തിയായത്. റീബില്‍ഡ് കേരള വിവരശേഖരണ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് റവന്യൂ ഉദ്യോഗസ്ഥന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പ് ഉദ്യോഗസ്ഥന്‍, ഓവര്‍സിയര്‍/എന്‍ജിനീയര്‍, ഐടി വിദഗ്ധന്‍ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് വിവരശേഖരണം നടത്തുന്നത്. സര്‍വേ 10 ദിവസത്തിനകം പൂര്‍ത്തിയാക്കും. യോഗത്തില്‍ എഡിഎം എന്‍ എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാരായ പി എന്‍ പുരുഷോത്തമന്‍, ഡോ. ജെ ഒ അരുണ്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



Tags:    

Similar News