ഹെയ്തി ഭൂചലനം: മരണ സംഖ്യ 300 കടന്നു, രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

ദരിദ്ര കാരിബീയന്‍ രാജ്യത്തെ ബാധിച്ച ഏറ്റവും ഒടുവിലത്തെ ദുരന്തത്തില്‍ ചര്‍ച്ചുകളും ഹോട്ടലുകളും വിദ്യാലയങ്ങളും മണ്‍കൂനകളായി മാറി.

Update: 2021-08-15 04:12 GMT

പോര്‍ട്ട് ഓ പ്രിന്‍സ്: കാരിബീയന്‍ രാജ്യമായ ഹെയ്തിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ശനിയാഴ്ചയുണ്ടായ വന്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 304 ആയി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നൂറുകണക്കിന് പേരെ കാണാതാവുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ദരിദ്ര കാരിബീയന്‍ രാജ്യത്തെ ബാധിച്ച ഏറ്റവും ഒടുവിലത്തെ ദുരന്തത്തില്‍ ചര്‍ച്ചുകളും ഹോട്ടലുകളും വിദ്യാലയങ്ങളും മണ്‍കൂനകളായി മാറി.

റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വ്യാപക നാശ നഷ്ടമാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരമാല 10 അടിക്ക് മുകളില്‍ ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്.

സമീപത്തെ രാജ്യങ്ങളിലേക്കും ഭൂചലനത്തിന്റെ ആഘാതം ഉണ്ടായതായാണ് റിപോര്‍ട്ട്. ഹെയ്തിയിലെ സ്‌കൂളുകളും വീടുകളും ഭൂചലനത്തില്‍ തകര്‍ന്നതായി സാക്ഷികള്‍ പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ പ്രദേശത്തുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ലോസ് ഏഞ്ചല്‍സിലെ സൗത്ത് വെസ്‌റ്റേണ്‍ ടൗണില്‍ ശനിയാഴ്ച ഒരു ചടങ്ങ് നടക്കുകയായിരുന്ന ക്രിസ്ത്യന്‍ പള്ളിയും തകര്‍ന്ന കെട്ടിടത്തില്‍ ഉള്‍പ്പെടും. 160 കിലോമീറ്റര്‍ ദൂരെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വ്വെ പറയുന്നത്.

2010ല്‍ രാജ്യത്തുണ്ടായ ഭൂചലനത്തില്‍ രണ്ട് ലക്ഷത്തില്‍ അധികം പേരാണ് മരിച്ചത്. തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സിന് സമീപത്തെ നഗരങ്ങളിലായിരുന്നു ഭൂചലനമുണ്ടായത്. മൂന്ന് ലക്ഷം പേര്‍ക്ക് പരിക്കേറ്റു. ഹെയ്ത്തിയിലെ പത്തുലക്ഷത്തോളം പേര്‍ക്കാണ് വീടില്ലാതായത്.

Tags: