പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; പോസ്റ്റല്‍ വോട്ടിലും ആദ്യറൗണ്ടിലും ലീഡ് ചാണ്ടി ഉമ്മന്

Update: 2023-09-08 03:28 GMT
കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടന്ന പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പോസ്റ്റല്‍ വോട്ടുകളും ആദ്യറൗണ്ട് വോട്ടെണ്ണലും പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനാണ് ലീഡ് ചെയ്യുന്നത്. കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയത്തില്‍ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. അല്‍പം വൈകിയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 1600ഓളം വോട്ടുകളുടെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് ലഭിച്ചത്. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചതിനേക്കാള്‍ ലീഡ് ചാണ്ടി ഉമ്മന്‍ നേടിയിട്ടുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് തന്നെയാണ് രണ്ടാംസ്ഥാനത്തുള്ളത്.

    പുതുപ്പള്ളിയില്‍ ആകെ 1,28,535 പേരാണ് വിധിയെഴുതിയത്. ഇതില്‍ സ്ത്രീവോട്ടര്‍മാരാണ് കൂടുതല്‍. 64,455 പേര്‍ സ്ത്രീകളും 64,078 പേര്‍ പുരുഷന്മാരും രണ്ട് പേര്‍ ട്രന്‍സ്ജന്‍ഡറുമാണ്. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. ആദ്യ റൗണ്ടില്‍ എണ്ണുക 20,000 ത്തോളം വോട്ടുകളാണ് എണ്ണുക. ഒന്ന് മുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണുന്നത്.

    പുതുപ്പള്ളിയെ കൂടാതെ മറ്റു ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇന്ന് നടക്കുന്നുണ്ട്. ജാര്‍ഖണ്ഡിലെ ഡുമ്രി, ത്രിപുരയിലെ ബോക്‌സാനഗര്‍, ധന്‍പുര്‍, ബംഗാളിലെ ധുപ്ഗുരി, ഉത്തര്‍പ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ എന്നീ മണ്ഡലങ്ങളിലാണ് പുതുപ്പള്ളിക്കൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്നത്.


Tags: