കാർഷിക നിയമങ്ങൾ കോർപറേറ്റ് അനുകൂലം: ആർഎസ്‌എസ് സംഘടന സ്വദേശി ജാഗരൺ മഞ്ച്
ഉൽപ്പന്നങ്ങൾ വാങ്ങാനെത്തുന്നവര്‍ക്ക് എപിഎംസി മാർക്കറ്റുകളെ ആശ്രയിക്കേണ്ടിവരാത്തതിനാല്‍ സ്വകാര്യ കുത്തകകൾ മണ്ഡികളിലേക്ക് തിരിഞ്ഞുനോക്കില്ല. ഇതോടെ കർഷകർ ഉൽപ്പന്നങ്ങള്‍ പുറത്ത് വിൽക്കാൻ നിർബന്ധിതരാകും.
ന്യൂഡൽഹി: മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾ വൻകിട കോർപറേറ്റുകളെ സഹായിക്കുന്നതാണെന്ന് സമ്മതിച്ച് ആർഎസ്‌എസ് സംഘടനയായ സ്വദേശി ജാഗരൺ മഞ്ച്. പോരായ്‌മ മറികടക്കാൻ നിയമഭേദഗതി വേണമെന്നും കർഷകരുടെ ഭീതി അകറ്റണമെന്നും ആവശ്യപ്പെട്ട് സ്വദേശി ജാഗരൺ മഞ്ച് പ്രമേയം പാസാക്കി. ദേശീയ ഡിജിറ്റൽ കോൺഫറൻസിലാണ് സംഘപരിവാർ സംഘടന നിലപാട് വ്യക്തമാക്കിയത്.
മിനിമം താങ്ങുവില നിയമപ്രകാരം ഉറപ്പാക്കണം. ഉൽപ്പന്നങ്ങൾ വാങ്ങാനെത്തുന്നവര്‍ക്ക് എപിഎംസി മാർക്കറ്റുകളെ ആശ്രയിക്കേണ്ടിവരാത്തതിനാല്‍ സ്വകാര്യ കുത്തകകൾ മണ്ഡികളിലേക്ക് തിരിഞ്ഞുനോക്കില്ല. ഇതോടെ കർഷകർ ഉൽപ്പന്നങ്ങള്‍ പുറത്ത് വിൽക്കാൻ നിർബന്ധിതരാകും. ഇത് വൻകിട കമ്പനികൾക്ക് കർഷകരെ ചൂഷണം ചെയ്യാനുള്ള അവസരമാകും.
മിനിമം താങ്ങുവില ഉറപ്പാക്കണം. ഇതിലും കുറഞ്ഞ വിലയ്‌ക്ക് വാങ്ങുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. സ്വകാര്യ കമ്പനികളും എംഎസ്‌പിയേക്കാൾ കുറഞ്ഞ വിലയ്‌ക്ക് ഉൽപ്പന്നങ്ങൾ വാങ്ങുന്നത് തടയണം. പുതിയ വ്യവസ്ഥകൾ പ്രകാരം പാൻകാർഡ് കാട്ടി ആര്‍ക്കും കർഷകനിൽ നിന്ന് ഉൽപ്പന്നം വാങ്ങാം. കൃഷിയിടത്തിൽ നിന്ന് ഉൽപ്പന്നം എടുക്കുന്ന ഘട്ടത്തിൽ വില പൂർണമായും നൽകുന്നുവെന്ന് ഉറപ്പാക്കണം.
എല്ലാ സംഭരണ കമ്പനികളും വ്യാപാരികളും നിർബന്ധമായും രജിസ്‌റ്റർ ചെയ്യണം. വൻകിട കമ്പനിയോ ചുരുക്കം കമ്പനികളോ ആധിപത്യം ചെലുത്തുന്ന സാഹചര്യം കർഷകന് ദോഷകരമാണ്. കർഷകന്റെ നിർവചനത്തിലും നിയമത്തിൽ മാറ്റമുണ്ട്. തൊഴിലാളികളെ വാടകയ്‌ക്കെടുത്ത് കൃഷിപ്പണിയിലേർപ്പെടുന്ന കമ്പനികളെപ്പോലും കർഷകനായി പരിഗണിക്കുന്ന സ്ഥിതിയാണുള്ളത്. ഇതിൽ മാറ്റം വരണം. കരാർകൃഷി നിയമത്തിൽ പറയുന്ന തർക്കപരിഹാര സംവിധാനങ്ങളും ഏറെ സങ്കീർണമാണ്. ഈ വ്യവസ്ഥയിലും മാറ്റമുണ്ടാകണമെന്ന് സ്വദേശി ജാഗരൺ മഞ്ച് ആവശ്യപ്പെട്ടു.
