കര്‍ഷക പ്രക്ഷോഭം തണുപ്പിക്കാന്‍ യോഗംവിളിച്ച് കേന്ദ്രം; ബഹിഷ്‌ക്കരിച്ച് സംയുക്ത സമര സമിതി

വിഷയത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നും അതിനാല്‍ ചര്‍ച്ചക്കില്ലെന്നുമാണ് സമര സമിതി നിലപാട് അറിയിച്ചത്.

Update: 2020-10-08 04:44 GMT

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടനകളുടെ ആശങ്ക ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിളിച്ച യോഗം ഇന്ന്. കര്‍ഷക പ്രക്ഷോഭം തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിമന്ത്രി നരേന്ദ്രസിങ് തോമറാണ് യോഗം വിളിച്ചുചേര്‍ത്തത്.

എന്നാല്‍, അതേസമയം കൃഷിമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സംയുക്ത സമര സമിതിയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി വ്യക്തമാക്കി. വിഷയത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നും അതിനാല്‍ ചര്‍ച്ചക്കില്ലെന്നുമാണ് സമര സമിതി നിലപാട് അറിയിച്ചത്.

എന്നാല്‍ ബിജെപി അനുകൂല കര്‍ഷക സംഘടനകള്‍ ഉച്ചകഴിഞ്ഞ് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭം തുടരുകയാണ്. പുതിയ കര്‍ഷക നിയമങ്ങള്‍ താങ്ങുവില ഇല്ലാതാക്കുമെന്നും, വന്‍കിട കമ്പനികളെ മാത്രം സഹായിക്കുന്നതാണെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.


Tags:    

Similar News