ഇവിടെ പുരാതന മസ്ജിദ് സംരക്ഷിക്കുന്നത് സിഖുകാര്‍

Update: 2019-06-17 11:14 GMT

ലുധിയാന: നൂറു വര്‍ഷത്തോളം പഴക്കമുള്ള മസ്ജിദ് തകരാതെ സംരക്ഷിച്ച് സിഖുകാരായ ഗ്രാമവാസികള്‍. പഞ്ചാബിലെ ലുധിയാനയിലെ മച്ചിവാരാ താലൂക്കിലെ ഹിദന്‍ ബത്ത് ഗ്രാമത്തില്‍ 1920ല്‍ നിര്‍മിച്ച മസ്ജിദ് ആണ് ഗ്രാമവാസികളുടെ പ്രത്യേക പരിഗണനയില്‍ തകരാതെ നിലനില്‍ക്കുന്നത്. ഇന്ത്യാ വിഭജനത്തിനു ശേഷം ഗ്രാമത്തിലുണ്ടായിരുന്ന മുസ്‌ലിംകളില്‍ നല്ലൊരു ശതമാനം പാകിസ്താനിലേക്കു പോയതോടെ ഗ്രാമത്തില്‍ മുസ്‌ലിംകളുടെ എണ്ണം കുറയുകയായിരുന്നു. നിലവില്‍ പേരിനു പോലും ഒരു മുസ്‌ലിമും ഗ്രാമത്തില്‍ അവശേഷിക്കുന്നില്ല.

മുസ്‌ലിംകള്‍ ഗ്രാമം വിട്ടതോടെ വഖഫ് ബോര്‍ഡിനു കീഴിലുണ്ടായിരുന്ന നിരവധി സ്ഥലങ്ങളും സ്ഥാപനങ്ങളും കെട്ടിടങ്ങളും സ്വാകാര്യ വ്യക്തികളും ഭൂമാഫിയകളും കയ്യടക്കി. ഖബറിസ്ഥാനും ഗ്രൗണ്ടുകളും സ്‌കൂളുകളും അനാഥാലയങ്ങളും മറ്റും പലരും കയ്യടക്കിയെങ്കിലും പള്ളി കയ്യേറാനോ തകര്‍ക്കാനോ ഗ്രാമവാസികള്‍ സമ്മതിച്ചില്ല. ദൈവത്തിന്റെ ഭവനമായ മസ്ജിദ് തകരാതെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയായി കാണുന്നുവെന്നു ഗ്രാമത്തലവന്‍ ഗുര്‍പാല്‍ സിങ് പറഞ്ഞു. മസ്ജിദ് തകര്‍ക്കാനോ കയ്യടക്കാനോ തങ്ങള്‍ മരണം വരെ സമ്മതിക്കില്ലെന്നും ഗ്രാമവാസികള്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നും ഗുര്‍പാല്‍ സിങ് പറഞ്ഞു.

Tags: