പഞ്ചാബില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം; പാസ്റ്ററുടെ കാര്‍ കത്തിച്ചു (വീഡിയോ)

Update: 2022-08-31 16:51 GMT

ചണ്ഡീഗഡ്: പഞ്ചാബിലെ തരണ്‍ തരണ്‍ ജില്ലയില്‍ ഒരു സംഘം ആളുകള്‍ ഇന്നലെ രാത്രി ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ച് കയറി യേശുവിന്റെയും മറിയത്തിന്റെയും പ്രതിമ തകര്‍ത്തു. പാസ്റ്ററുടെ കാറും അക്രമികള്‍ കത്തിച്ചു. കാര്‍ അഗ്നിക്കിരയാവുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മുഖംമൂടി ധരിച്ചെത്തിയ നാല് യുവാക്കള്‍ പള്ളിയില്‍ പ്രവേശിച്ച് വാച്ചറുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടി കൈകള്‍ കെട്ടിയിട്ട് പള്ളി തകര്‍ക്കുകയും വാഹനത്തിന് തീയിടുകയും ചെയ്തതായി പോലിസ് പറഞ്ഞു.

തലയിലും മുഖത്തും ചുവന്ന മൂടുപടം ധരിച്ച ഒരാള്‍ കോടാലി കൊണ്ട് വിഗ്രഹത്തെ ആവര്‍ത്തിച്ച് അടിക്കുകയും ശിരഛേദം ചെയ്യുകയും തല നിലത്ത് വയ്ക്കുകയും ചെയ്യുന്നത് പള്ളിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ കാണാം. അവര്‍ ഒരു ഘട്ടത്തില്‍ പ്രതിമയുടെ പിന്നില്‍ മറഞ്ഞിരിക്കുന്നതായും കാണുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ പുലര്‍ച്ചെ 12:45 ആണ് സമയം കാണിക്കുന്നത്.


തങ്ങള്‍ക്ക് നിര്‍ണായക സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും നാല് പേരാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പോലിസ് പറഞ്ഞു.

പോലിസ് ചെക്ക്‌പോസ്റ്റുകള്‍ കാരണം പ്രതികള്‍ പ്രധാന റോഡുകള്‍ ഒഴിവാക്കിയാണ് രക്ഷപ്പെട്ടത്. അതിനാലാണ് അവരെ ട്രാക്ക് ചെയ്യാന്‍ സമയമെടുക്കുന്നതെന്ന് സീനിയര്‍ പോലിസ് സൂപ്രണ്ട് ആര്‍ എസ് ധില്ലണ്‍ പറഞ്ഞു.

സംഭവത്തെ ദൗര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ഭഗവന്ത് മാന്‍, സംസ്ഥാനത്ത് സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഉറപ്പ് നല്‍കി.

'പഞ്ചാബിന്റെ സാഹോദര്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. തരണ്‍ തരണ്‍ സംഭവം വളരെ ദൗര്‍ഭാഗ്യകരമാണ്.. ഞങ്ങള്‍ അത് അന്വേഷിക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും..,' അദ്ദേഹം മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

സംഭവത്തിനെതിരെ ക്രിസ്ത്യാന്‍ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഖേംകരന്‍, ഭിഖിവിന്ദ്, പട്ടി, ഹരികെ, ഫിറോസ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള റോഡുകള്‍ പ്രതിഷേധക്കാര്‍ ഉപരോധിച്ചു.