അഴിമതി കേസ്:പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കി;പിന്നാലെ അറസ്റ്റ്

ആരോഗ്യവകുപ്പിലെ ചില ടെണ്ടറുകള്‍ക്കായി കമ്മീഷന്‍ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മന്ത്രിയെ പുറത്താക്കിയത്

Update: 2022-05-24 10:21 GMT

ചണ്ഡീഗഢ്: അഴിമതി ആരോപണത്തെ തുടര്‍ന്ന് പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കി. പുറത്താക്കിയതിന് തൊട്ടുപിന്നാലെ,പഞ്ചാബ് പോലിസിന്റെ അഴിമതി വിരുദ്ധ വിഭാഗം വിജയ് സിംഗ്ലയെ അറസ്റ്റ് ചെയ്തു.

അഴിമതി ആരോപണത്തില്‍ വിജയ് സിംഗ്ലക്കെതിരെ ശക്തമായ തെളിവുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടിയെന്നും,അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വ്യക്തമാക്കി.ആരോഗ്യവകുപ്പിലെ ചില ടെണ്ടറുകള്‍ക്കായി കമ്മീഷന്‍ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മന്ത്രിയെ പുറത്താക്കിയത്. വകുപ്പിലെ ടെണ്ടറുകള്‍ക്കും പര്‍ച്ചേസുകള്‍ക്കും ഒരു ശതമാനം കമ്മീഷനാണ് മന്ത്രി ആവശ്യപ്പെട്ടത്.

അരവിന്ദ് കെജ്രിവാളിന്റെ അഴിമതി വിരുദ്ധ മാതൃക അനുസരിച്ചാണ് വലിയ തീരുമാനമെടുത്തതെന്ന് പാര്‍ട്ടി അറിയിച്ചു. ഈ തീരുമാനമെടുത്ത ഭഗവന്ത് മന്നെ കെജ്രിവാള്‍ പ്രശംസിച്ചു. 'ഭഗവന്ത് നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. നിന്റെ പ്രവൃത്തി എന്റെ കണ്ണുകളെ ഈറനണിയിച്ചു. ഇന്ന് രാജ്യം മുഴുവന്‍ എഎപിയില്‍ അഭിമാനം കൊള്ളുന്നു,' കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു മുഖ്യമന്ത്രി സ്വന്തം കാബിനറ്റ് സഹപ്രവര്‍ത്തകനെതിരെ ഇത്തരത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നത്.നേരത്തെ, ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ 2015ല്‍ തന്റെ മന്ത്രിമാരില്‍ ഒരാളെ അഴിമതി ആരോപണത്തില്‍ പുറത്താക്കിയിരുന്നു.

Tags:    

Similar News