'ഇത് അവകാശത്തിനായുള്ള പോരാട്ടം'; ഗുരുദ്വാരകളില്‍ നിന്ന് സമരാഹ്വാനം

ഇത് നമ്മുടെ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണ്', ഉച്ചഭാഷിണികളിലൂടെ ഇത്തരം സന്ദേശങ്ങളാണ് പല ഗുരുദ്വാരകളില്‍ നിന്നും ഉയരുന്നത്.

Update: 2021-01-13 10:15 GMT

അമൃത്‌സര്‍: ചരിത്രത്തിലെ ഏറ്റവും വലിയ രാജ്യവ്യാപക പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ട്രാക്ടര്‍ റാലിയിലേയ്ക്ക് പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ പേരെ പങ്കെടുപ്പിക്കാനുള്ള നീക്കത്തിലാണ് കര്‍ഷക സംഘടനകള്‍.

റിപബ്ലിക് ദിനത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന റാലിയില്‍ പങ്കെടുക്കുന്നതിന് പഞ്ചാബിലെ അമൃതസറില്‍ നിന്ന് നിരവധി ട്രാക്ടറുകള്‍ പുറപ്പെട്ടതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമൃതസറില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ടിരിക്കുന്നത്. റാലിയില്‍ പങ്കെടുക്കുന്നതിന് പഞ്ചാബിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ കര്‍ഷകരെ ജനുവരി 20ന് മുമ്പുതന്നെ ഡല്‍ഹിയില്‍ എത്തിക്കുന്നതിന് കര്‍ഷക സംഘടനകള്‍ തയാറെടുക്കുകയാണ്.

പഞ്ചാബില്‍ പലയിടങ്ങളിലും ഗുരുദ്വാരകള്‍ കേന്ദ്രീകരിച്ച് യോഗങ്ങള്‍ ചേരുകയും കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ഗുരുദ്വാരകളില്‍ നിന്ന് ആഹ്വാനങ്ങളും ഉയരുന്നുണ്ട്. 'ഇപ്പോള്‍ നമ്മള്‍ പോകാന്‍ തയാറായില്ലെങ്കില്‍ നമുക്ക് പിന്നൊരിക്കലും അതിനുള്ള അവസരം ലഭിക്കില്ല. ഇത് നമ്മുടെ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണ്', ഉച്ചഭാഷിണികളിലൂടെ ഇത്തരം സന്ദേശങ്ങളാണ് പല ഗുരുദ്വാരകളില്‍ നിന്നും ഉയരുന്നത്.

സുപ്രിംകോടതി നിശ്ചയിച്ച സമിതിയിലെ അംഗങ്ങളെല്ലാം കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരായതിനാല്‍ സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. ജനുവരി 26ന് തീരുമാനിച്ച ട്രാക്ടര്‍ റാലിയില്‍നിന്ന് പിന്നോട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ലോഹ്റി ആഘോഷദിനമായ ബുധനാഴ്ച ഗ്രാമങ്ങളില്‍ വൈകുന്നേരം അഞ്ചു മണിക്ക് കാര്‍ഷികനിയമത്തിന്റെ പകര്‍പ്പുകള്‍ കത്തിച്ച് കര്‍ഷകര്‍ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നുണ്ട്.

Similar News