ഹിന്ദുത്വ നേതാവ് മിലിന്ദ് എക്‌ബോതിന് നേരെ ഗോരക്ഷകരുടെ ആക്രമണം
സെന്‍ഡെവാഡയിലെ ചടങ്ങിന് ശേഷം ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങവെ ഒരു സംഘം ആളുകള്‍ മിലിന്ദിനെ ആക്രമിക്കുകയായിരുന്നു.
പൂനെ: ഹിന്ദുത്വ നേതാവും ഭീമ കോറേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയുമായ മിലിന്ദ് എക്‌ബോതിന് നേരെ ഗോ രക്ഷകരുടെ ആക്രമണം. പൂനെ സിറ്റിക്കടുത്ത് സെന്‍ഡെവാഡിയില്‍ വച്ചാണ് മിലിന്ദിന് നേരെ ആക്രമണമുണ്ടായത്. പശ്ചിമ മഹാരാഷ്ട്രയിലെ ഗോസംരക്ഷണ സംഘടനയായ ഭാരത് ഖുഷി ഗോസേവ സംഗതനയുടെ അധ്യക്ഷനായ മിലിന്ദ് സെന്‍ഡേവാഡയില്‍ ഇത് സംബന്ധിച്ച് ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു.
സെന്‍ഡെവാഡയിലെ ചടങ്ങിന് ശേഷം ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങവെ ഒരു സംഘം ആളുകള്‍ മിലിന്ദിനെ ആക്രമിക്കുകയായിരുന്നു. സെന്‍ഡെവാഡിയില്‍ പണ്ഡിറ്റ് മോദകിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയ്‌ക്കെതിരേ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മിലിന്ദ് കടുത്ത ആരോപണം ഉന്നയിക്കുകയും മോദകിനെ അഴിമതിക്കാരനാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.മോദകിന്റെ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് മിലിന്ദ് ആരോപിച്ചു. മിലിന്ദിന്റെ പരാതിയില്‍ മോദകിനും കണ്ടാലറിയുന്ന 45 പേര്‍ക്കുമെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പിനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സമസ്തഹിന്ദു അഗാധി തലവനായ മിലിന്ദ് 2018 ജനുവരിയില്‍ നടന്ന ഭീമ കോറേഗാവ് സ്‌ഫോടനത്തില്‍ പ്രതിയാണ്. ഭീമ കോറേഗാവ് സ്‌ഫോടനത്തില്‍ അറസ്റ്റിലായ മിലിന്ദ് ജാമ്യത്തിലാണ്. പൊതു സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കും നിലനില്‍ക്കെയാണ് മിലിന്ദിന് ചടങ്ങിനെത്തിയത്. മിലിന്ദിന് എതിരേയും പൂനെ പോലിസ് നടപടി സ്വീകരിച്ചിരിക്കയാണ്. ഭീമ കോറോഗാവ് കേസില്‍ മിലിന്ദിന് ജാമ്യം ലഭിച്ചതില്‍ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.