പുലിക്കാട് മുഫീദയുടെ മരണം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍
സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് മുഫീദ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയതെന്നാണ് ആക്ഷേപം. മുഫീദയുടെ രണ്ടാം ഭര്‍ത്താവിന്റെ മകനായ ഡിവൈഎഫ്‌ഐ യൂനിറ്റ് സെക്രട്ടറി മുഫീദയെ നിരന്തരം ഭീഷണിപ്പെടുത്തിയതായും നാട്ടുകാര്‍ പറയുന്നു.
സ്വന്തം പ്രതിനിധി
കല്‍പറ്റ: വെള്ളമുണ്ട തരുവണ പുലിക്കാട് സ്വദേശി ടി കെ ഹമീദ് ഹാജിയുടെ രണ്ടാം ഭാര്യ മുഫീദ തീപൊള്ളലേറ്റു മരിച്ച സംഭവത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരേ ആരോപണം ശക്തമാവുന്നു.
സിപിഎം തരുവണ ലോക്കല്‍ സെക്രട്ടറിയടക്കം ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് മുഫീദ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയതെന്നാണ് ആരോപണം. മുഫീദയുടെ രണ്ടാം ഭര്‍ത്താവിന്റെ മകനായ ഡിവൈഎഫ്‌ഐ യൂനിറ്റ് സെക്രട്ടറി മുഫീദയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.
മൈസൂരില്‍ നിന്ന് പുലിക്കാട് മഹല്ലില്‍ താമസമാക്കുകയും എട്ടു വര്‍ഷം മുന്‍പ് പുലിക്കാട് സ്വദേശി ഹമീദ് വിവാഹം ചെയ്യുകയും ചെയ്ത
കണ്ടിയില്‍ പൊയില്‍ മുഫീദ(50) പൊള്ളലേറ്റ് ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് രാത്രി ഒമ്പതരയോടെയാണ് മുഫീദ അവരുടെ വീടിന് മുന്‍പില്‍ വച്ച് ആളുകള്‍ നോക്കി നില്‍ക്കെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ആഴ്ചകള്‍ നീണ്ട ആശുപത്രി വാസത്തിനു ശേഷം അടുത്തിടെയാണ് അവര്‍ വീട്ടിലെത്തിയത്. പെട്ടെന്ന് അസുഖം മൂര്‍ഛിക്കുകയും കഴിഞ്ഞ ദിവസം മരണപ്പെടുകയുമായിരുന്നു.
മുഫീദയുമായുള്ള രണ്ടാം വിവാഹത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആദ്യ ഭാര്യയിലെ മക്കളും ബന്ധുക്കളും ഹമീദില്‍ ശക്തയായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍, ഹമീദ് വഴങ്ങിയില്ല. പിന്നീട് മുഫീദയെ പിന്‍മാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങി.
ഹമീദ് ഹാജിയുടെ മകനും ഡിവൈഎഫ്‌ഐ പുലിക്കാട് യൂനിറ്റ് സെക്രട്ടറിയുമായ ജാബിറിന്റെയും സിപിഎം പ്രാദേശിക നേതാവിന്റെയും നേതൃത്വത്തിലാണ് മുഫിദയെ ഹമിദുമായുള്ള ബന്ധം ഒഴിവാകാന്‍ സമ്മര്‍ദ്ധം ചെലുത്തിയ്െന്ന് നാട്ടുകാര്‍ പറയുന്നു.
എന്നാല്‍, ബന്ധമൊഴിയാന്‍ മുഫീദ തയാറായില്ല.
ജൂലൈ മൂന്നിന് മുഫീദയെ പിന്തിരിപ്പിക്കാന്‍ ചെന്നവരുടെ കണ്‍മുന്നിലാണ് മുഫീദ ദേഹത്ത് തീകൊളുത്തിയത്. ഭീഷണി തുടര്‍ന്നാല്‍ താന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് മുഫീദ വന്നവരോട് പറഞ്ഞിരുന്നു. തീ കൊളുത്താനായിരുന്നുവത്രെ അവരുടെ മറുപടി. കയ്യില്‍ കരുതിയ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുമ്പോള്‍ ചുറ്റുമുണ്ടായിരുന്നവര്‍ മുഫീദയെ തടഞ്ഞില്ലെന്നും തീയണക്കാന്‍ ശമിച്ചില്ലെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നു.
പൊള്ളലേറ്റ മുഫീദയെ ആശുപത്രിയില്‍ കൊണ്ടു പോയത് ഭര്‍ത്താവിന്റെ ബന്ധുക്കളാണ്. സംഭവിച്ച കാര്യങ്ങള്‍ ഡോക്ടറോടും പോലിസിനോടും പറഞ്ഞാല്‍ വലിയ കേസാവുമെന്നും കേസായാല്‍ പിന്നീട് ഭര്‍ത്താവുമൊത്തു ജീവിക്കാനാവില്ലെന്നും ബന്ധുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടു പോവും വഴി വിശ്വസിപ്പിച്ചതുകാരണം മുഫീദ ആത്മഹത്യക്ക് പ്രേരിപ്പിച്ച കാര്യങ്ങള്‍ ആരോടും പറഞ്ഞിരുന്നില്ല. മുഫീദ ആരോഗ്യത്തോടെ തിരിച്ചെത്തിയാല്‍ ഹമീദ് സംരക്ഷിക്കുമെന്ന പ്രതീക്ഷയില്‍ ആദ്യ ഭര്‍ത്താവിലെ മക്കളും നാട്ടുകാരുമൊന്നും പരാതിയുമായി രംഗത്തു വന്നതുമില്ല. മുഫീദയുടെ മരണ ശേഷമാണ് ആത്മഹത്യക്ക് പ്രേരണയായ ഭീഷണി പുറത്തായത്. സംഭവങ്ങള്‍ വിവരിച്ച് വെള്ളമുണ്ട പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മുഫീദയുടെ മരണം സംബന്ധിച്ച വസ്തുതകള്‍ പുറത്ത് കൊണ്ടുവന്ന് കുറ്റവാളികളെ ശിക്ഷിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകള്‍ രംഗത്തുണ്ട്.

