പ്രകോപന മുദ്രാവാക്യം; യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരേ കേസെടുത്തു

യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പ്രകടനത്തില്‍ പ്രകോപനപരമായി പ്രകടനം നടത്തിയെന്നു കാണിച്ച്, വെള്ളൂരില്‍ കൊല ചെയ്യപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ സി കെ ഷിബിന്റെ പിതാവ് ഭാസ്‌കരന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

Update: 2019-11-02 00:59 GMT

കോഴിക്കോട്: മത സ്പര്‍ദ്ദയുണ്ടാക്കുന്ന വിധത്തില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരേ നാദാപുരം പോലിസ് കേസെടുത്തു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി വി മുഹമ്മദലി, മണ്ഡലം ജനറല്‍ സെക്രട്ടറി സി കെ നാസര്‍, മണ്ഡലം പ്രസിഡന്റ് കെ എം സമീര്‍ തുടങ്ങി ഒമ്പതു പേര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പ്രകടനത്തില്‍ പ്രകോപനപരമായി പ്രകടനം നടത്തിയെന്നു കാണിച്ച്, വെള്ളൂരില്‍ കൊല ചെയ്യപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ സി കെ ഷിബിന്റെ പിതാവ് ഭാസ്‌കരന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സംഭവത്തില്‍ സ്വമേധയാ കേസെടുക്കാത്ത പോലിസ് നടപടിക്കെതിരേ സിപിഎം ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ വാണിമേലില്‍ നടന്ന സിപിഎം പൊതുയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മാത്രമല്ല, സിപിഎം നാദാപുരം ലോക്കല്‍ സെക്രട്ടറി ടി കണാരന്‍, മുഹമ്മദ് കക്കട്ടില്‍ തുടങ്ങിയവര്‍ പോലിസിന് പരാതിയും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം കല്ലാച്ചിയില്‍ നിന്ന് തുടങ്ങിയ യൂത്ത് ലീഗ് പ്രകടനത്തിന്റെ പിന്‍നിരയിലെ വാണിമേലില്‍ നിന്നുള്ളവര്‍ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചെന്നാണു പരാതി.




Tags:    

Similar News