'തട്ടത്തിലും മക്കനയിലും ലഹരി വസ്തുക്കള്‍ കൊണ്ടുവരാന്‍ സാധ്യത'; വിവാദ പരാമര്‍ശവുമായി പ്രൊവിഡന്‍സ് സ്‌കൂള്‍ പിടിഎ പ്രസിഡന്റ്

മൊബൈലും മറ്റു വസ്തുക്കളും വെയ്ക്കുന്നത് ലഗിന്‍സ് പോലുള്ള എക്‌സട്രാ ഫിറ്റിങ്‌സിനുള്ളിലാണ്. ഇത്തരം വസ്തുക്കള്‍ എവിടെ വേണമെങ്കിലും ഒളിപ്പിച്ചു വെക്കാം. ഒരോ രീതിയിലുള്ള യൂണിഫോമാണെങ്കില്‍ ഈ പ്രശ്‌നങ്ങളില്ലെന്നും അനീഷ് താമരക്കുളം അവകാശപ്പെട്ടു.

Update: 2022-08-27 14:42 GMT

കോഴിക്കോട്: മുസ് ലിം വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിനെതിരേ വിവാദ പരാമര്‍ശവുമായി കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂള്‍ പിടിഎ പ്രസിഡന്റ്. സ്‌കൂളിലേക്ക് വരുന്ന മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ തട്ടവും മക്കനയും ധരിച്ചാല്‍ ലഹരി വസ്തുക്കള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നാണ് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് അനീഷ് താമരക്കുളത്തിന്റെ അവകാശവാദം. ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇയാള്‍ വിവാദ പരാമര്‍ശം നടത്തിയത്.

മൊബൈലും മറ്റു വസ്തുക്കളും വെയ്ക്കുന്നത് ലഗിന്‍സ് പോലുള്ള എക്‌സട്രാ ഫിറ്റിങ്‌സിനുള്ളിലാണ്. ഇത്തരം വസ്തുക്കള്‍ എവിടെ വേണമെങ്കിലും ഒളിപ്പിച്ചു വെക്കാം. ഒരോ രീതിയിലുള്ള യൂണിഫോമാണെങ്കില്‍ ഈ പ്രശ്‌നങ്ങളില്ലെന്നും ഇയാള്‍ അവകാശപ്പെട്ടു.

മുസ്‌ലിം വിദ്യാര്‍ഥികളാണ് ഈ സ്‌കൂളിലെ ബഹുഭൂരപക്ഷവും. രക്ഷിതാക്കള്‍ ഇവിടെ തട്ടമിട്ടാണ് വരുന്നത്. യൂണിഫോം തീരുമാനിക്കാനുള്ള അധികാരം സ്‌കൂള്‍ മാനേജ്‌മെന്റിനുമുണ്ട്. സ്‌കൂളില്‍ പ്രവേശനം നേടുന്ന സമയത്ത് വിദ്യാലയത്തിന്റെ റൂള്‍സ് ആന്റ് റഗുലേഷന്‍ വ്യക്തമാക്കുന്ന ഫോം ഒപ്പിട്ടുവാങ്ങുന്നുണ്ട്. യൂണിഫോം ധരിക്കാന്‍ പ്രയാസമുള്ളവര്‍ക്ക് മറ്റു വിദ്യാലയങ്ങളിലേക്ക് മാറിപ്പോവാം. വിഷയം സര്‍ക്കാറിന്റെ അടുക്കലെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനപ്രകാരം മുന്നോട്ടു പോവുമെന്നും പിടിഎ പ്രസിഡന്റ് പറഞ്ഞു.ഇപ്പോള്‍ പുതിയ യൂണിഫോമാണ് വിദ്യാര്‍ഥികള്‍ ധരിക്കുന്നത്. കാംപസിനകത്ത് വിവേചനം പാടില്ലെന്നതാണ് പിടിഎയുടെ നിലപാടണെന്നും അനീഷ് പറഞ്ഞു.

പ്രൊവിഡന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ വെള്ളിയാഴ്ച മന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. സ്‌കൂള്‍ അധികൃതരുടെ തീരുമാനത്തിനെതിരേ നിരവധി സംഘടനകള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. പ്ലസ് വണ്‍ പ്രവേശനത്തിനെത്തിയ വിദ്യാര്‍ത്ഥിനിയോടും രക്ഷിതാവിനോടുമാണ് ശിരോവസ്ത്രം അനുവദിക്കാവില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞത്.

Tags:    

Similar News