ദലിത്-ആദിവാസി ജനങ്ങൾക്ക് കൃഷിയോ​ഗ്യമായ ഭൂമി നൽകുക; വയനാട്ടിൽ മാവോയിസ്റ്റ് പോസ്റ്റർ

ബ്രിട്ടീഷുകാരുടെ തീ തുപ്പുന്ന തോക്കിനെ അമ്പും വില്ലും കൊണ്ട് നേരിട്ട് ജയിച്ച ആദിവാസികളോട് ഭരണകൂടത്തിന്റെ അവകാശ നിഷേധത്തിനെതിരേയും ഭൂമിയുടെ പട്ടയത്തിനും വേണ്ടി പോരാടാന്‍ ആഹ്വാനം ചെയ്തു കൊണ്ടാണ് സിപിഐ മാവോയിസ്റ്റിന്റെ പേരില്‍ ബാനറുള്ളത്.

Update: 2022-09-24 12:40 GMT

കൽപ്പറ്റ: ദലിത്-ആദിവാസി ജനങ്ങൾക്ക് കൃഷിയോ​ഗ്യമായ ഭൂമി നൽകുക, തൊണ്ടർനാട് പഞ്ചായത്തിലെ ആദിവാസി ഭൂമികൾക്ക് പട്ടയം നൽകുക തുടങ്ങിയ മുദ്രാവാക്യമുയർത്തി സിപിഐ മാവോയിസ്റ്റിന്റെ രാഷ്ട്രീയ പ്രചാരണ കാംപയിൻ. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ സിപിഐ മാവോയിസ്റ്റ് പരസ്യ പ്രചാരണം നടത്തുന്നത്. തൊണ്ടര്‍നാട് പോലിസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ഞോം ടൗണിലാണ് പോസ്റ്ററുകളും ബാനറും പതിച്ചിരിക്കുന്നത്.

ശനിയാഴ്ച രാവിലെ നാട്ടുകാരാണ് ടൗണിലെ ബസ് സ്റ്റോപ്പിലും, കടയുടെ ഭിത്തിയിലും പോസ്റ്ററുകള്‍ പതിച്ചത് കണ്ടത്. ബ്രിട്ടീഷുകാരുടെ തീ തുപ്പുന്ന തോക്കിനെ അമ്പും വില്ലും കൊണ്ട് നേരിട്ട് ജയിച്ച ആദിവാസികളോട്  ഭരണകൂടത്തിന്റെ അവകാശ നിഷേധത്തിനെതിരേയും ഭൂമിയുടെ പട്ടയത്തിനും വേണ്ടി പോരാടാന്‍ ആഹ്വാനം ചെയ്തു കൊണ്ടാണ് സിപിഐ മാവോയിസ്റ്റിന്റെ പേരില്‍ ബാനറുള്ളത്.

കൂടാതെ കാലവര്‍ഷം, പ്രളയം തുടങ്ങിയവയുടെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും, നഷ്ടപരിഹാരം വൈകിക്കുന്ന സിപിഎം സര്‍ക്കാരിനെതിരേ ചെറുത്ത് നില്‍ക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തൊണ്ടര്‍നാട് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.