ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം; തിരുവല്ലയില്‍ ലാത്തിച്ചാര്‍ജ്ജ്

Update: 2020-05-30 09:33 GMT

പത്തനംതിട്ട: അവസാന നിമിഷം ട്രെയിന്‍ റദ്ദാക്കിയെന്ന് ആരോപിച്ച് തിരുവല്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. പോലിസെത്തി ലാത്തിവീശി ഓടിച്ചു. കോഴഞ്ചേരി പുല്ലാട്, അടൂര്‍ ഏനാത്ത്, ആനപ്പാറ എന്നിവിടങ്ങളിലാണ് പ്രതിഷേധശ്രമമുണ്ടായത്. തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ബിഹാറിലേക്ക് പോവാനെത്തിയവരാണ് പ്രതിഷേധവുമായെത്തിയത്. എന്നാല്‍, ട്രെയിന്‍ അവസാനനിമിഷം റദ്ദാക്കിയതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധിക്കാനൊരുങ്ങുകയായിരുവന്നു. സ്റ്റേഷനില്‍ 1500 പേര്‍ക്ക് ബിഹാറിലേക്ക് പോവാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഇവര്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെ ജില്ലാ ഭരണകൂടം തയ്യാറാക്കുകയും ജില്ലയിലെ വിവിധ ഇടങ്ങളില്‍നിന്ന് തൊഴിലാളികളെ എത്തിക്കാന്‍ വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.

    എന്നാല്‍ ഇന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ നാളെയെ പുറപ്പെടുവെന്ന് അവസാനനിമിഷമാണ് റെയില്‍വേയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധവുമായെത്തിയത്. കോഴഞ്ചേരിയിലെ പുല്ലാട്, അടൂര്‍ ഏനാത്ത്, പത്തനംതിട്ടയിലെ ആനപ്പാറ എന്നിവിടങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലിസെത്തിയെങ്കിലും തൊഴിലാളികള്‍ കൂട്ടംകൂടി നിന്നതോടെ പോലിസ് ലാത്തിവീശുകയായിരുന്നു. പലരും എങ്ങോട്ടുപോവണമെന്നറിയാതെ ആശങ്കയിലാണ്. ചിലയിടത്ത് ഇവര്‍ നേരത്തേ താമസിച്ചിരുന്ന കെട്ടിടം ഒഴിഞ്ഞതോടെ അടച്ചുപൂട്ടിയതാണ് ഇവരെ ആശങ്കയിലാഴ്ത്തുന്നത്.


Tags:    

Similar News