ത്രിപുരയിലെ ഹിന്ദുത്വ അക്രമത്തിനെതിരേ രാജ്യമെങ്ങും പ്രതിഷേധം; ഡല്‍ഹിയില്‍ നൂറോളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Update: 2021-10-29 17:28 GMT

ന്യൂഡല്‍ഹി: ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കെതിരേ സംഘപരിവാരം നടത്തിയ ആക്രമണത്തില്‍ രാജ്യമെങ്ങും വമ്പിച്ച പ്രതിഷേധങ്ങള്‍ അരങ്ങേറി. എസ്ഡിപിഐ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, എംഎസ്എഫ് ഉള്‍പ്പെടെ നിരവധി സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യമെങ്ങും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഡല്‍ഹിയില്‍ പ്രതിഷേധിച്ച നൂറോളം എസ്ഡിപിഐ പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയിലെ ത്രിപുര ഭവനിലേയ്ക്കാണ് എസ്ഡിപിഐ ഡല്‍ഹി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.


 മാര്‍ച്ച് പോലിസ് തടയുകയും നൂറോളം എസ്ഡിപിഐ പ്രവര്‍ത്തകരെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവരെ ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗ് പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റി. ത്രിപുര അക്രമത്തിനെതിരേ രാജ്യമെങ്ങും വലിയ പ്രതിഷേധങ്ങളുണ്ടായപ്പോഴും ഡല്‍ഹിയില്‍ മാത്രം എന്താണ് അനുവദിക്കാത്തതെന്ന് എസ്ഡിപിഐ നേതാക്കള്‍ ചോദിക്കുന്നു.


 എന്തുകൊണ്ടാണ് ഡല്‍ഹിയില്‍ സമാധാനപരമായ ജനാധിപത്യ പ്രതിഷേധം അനുവദിക്കാത്തതെന്നും ഇവിടെ മാത്രം എന്താണ് പ്രത്യേകതയെന്നും നേതാക്കള്‍ അധികാരികളോട് ആരാഞ്ഞു. നാഷനല്‍ വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ ഡോ. നിസാമുദ്ദീന്‍ ഖാന്‍, ഷാഹിന്‍ കൗസര്‍, ഡല്‍ഹി കോ-ഓഡിനേറ്റര്‍ അബ്ദുല്‍ ഖാദര്‍ കടലൂര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകരെ രാത്രിയോടെയാണ് പോലിസ് വിട്ടയച്ചത്.


 രാജ്യതലസ്ഥാനത്ത് പ്രതിഷേധിച്ച ഫ്രറ്റേണിറ്റി, എംഎസ്എഫ് പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്ത് മന്ദിര്‍ മാര്‍ഗ് പോലിസ് സ്‌റ്റേഷനില്‍ പാര്‍പ്പിച്ചു. ത്രിപുരയിലെ ബിജെപി സര്‍ക്കാരിനെതിരേ നീതിക്ക് വേണ്ടി സംസാരിക്കുന്നതിനും ശബ്ദമുയര്‍ത്തുന്നതിനും ദേശീയ തലസ്ഥാനത്ത് വിലക്കാണെന്ന് ഫ്രറ്റേണിറ്റി കുറ്റപ്പെടുത്തി.


 ത്രിപുര മുസ്‌ലിംകള്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയതിന് നേതാക്കളെ ഡല്‍ഹി പോലിസ് വീണ്ടും കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. നേതാക്കളായ എന്‍ ആയിഷ റെന്ന, ആര്‍ വസിം, സി എ ഫായിസ, ഇ കെ റമീസ്, സ്വാലിഹ് മലോള്‍ തുടങ്ങി നിരവധി വിദ്യാര്‍ഥി നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


 എസ്ഡിപിഐ കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ ബ്രാഞ്ച് കമ്മിറ്റി തലങ്ങളില്‍ വ്യാപകമായ പ്രതിഷേധമാണുണ്ടായത്. ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിനു പ്രതികാരമായി ത്രിപുരയില്‍ സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന നായാട്ടിന് കനത്ത താക്കീത് നല്‍കുന്നതായിരുന്നു പ്രതിഷേധ പ്രകടനങ്ങളില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍. കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന ഹിന്ദുത്വ അക്രമത്തെ തടയാന്‍ ത്രിപുര സര്‍ക്കാരിന് കഴിയാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.


 മുസ്‌ലിം പള്ളികളും കടകളും സ്ഥാപനങ്ങളും വീടുകളും വ്യാപകമായി ആക്രമിക്കുകയും പലതും അഗ്‌നിക്കിരയാക്കുകയും ചെയ്തിരിക്കുകയാണ്. അഗര്‍ത്തല, കൈലാഷഹര്‍, ഉദയ്പൂര്‍, കൃഷ്ണ നഗര്‍, ധര്‍മനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പള്ളികള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണമുണ്ടായത്. പോലീസ് നിരോധനാജ്ഞ നിലനില്‍ക്കെയാണ് അതിക്രമങ്ങള്‍ വ്യാപിക്കുന്നതെന്നത് ആശങ്കാജനകമാണ്.


 സിസിടിവി കാമറകള്‍ വരെ തകര്‍ത്താണ് അക്രമികള്‍ അഴിഞ്ഞാടുന്നത്. ആക്രമണം വ്യാപകമായതോടെ നിരവധി മുസ്ലിം കുടുംബങ്ങളാണ് പ്രാണഭയം കൊണ്ട് വീടുകള്‍ വിട്ട് ഓടിപ്പോയിരിക്കുന്നത്. 2002 ലെ ഗുജറാത്ത് മുസ്‌ലിം വംശഹത്യയ്ക്ക് സമാനമായ അക്രമസംഭവങ്ങളാണ് ത്രിപുരയില്‍ അരങ്ങേറുന്നത്.


 അത്യന്തം ഹീനവും ഏകപക്ഷീയവുമായ ന്യൂനപക്ഷ വിരുദ്ധ കലാപങ്ങള്‍ അരങ്ങേറുമ്പോള്‍ മതേതര രാഷ്ട്രീയപ്പാര്‍ട്ടികള്‍ തുടരുന്ന മൗനം അക്രമികള്‍ക്ക് പ്രോല്‍സാഹനമാവുകയാണ്. കഴിഞ്ഞയാഴ്ച ദുര്‍ഗാപൂജ ഉത്സവത്തിനിടെ ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിനു പ്രതികാരമായാണ് ത്രിപുരയിലെ ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ അക്രമം ആരംഭിച്ചത്. അതേസമയം, ബംഗ്ലാദേശിലെ അതിക്രമത്തില്‍ കുറ്റവാളികള്‍ക്കെതിരേ കേസെടുക്കുകയും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ ആരംഭിക്കുകയും ചെയ്തു.


 ഒരു ഹിന്ദു ക്ഷേത്രത്തിലെ വിഗ്രഹത്തിന് ചുവട്ടില്‍ വിശുദ്ധ ഖുറാന്‍ വെച്ചതിന് എതിരേയുള്ള മതനിന്ദയുടെ പ്രതികരണമായാണ് ബംഗ്ലാദേശില്‍ അക്രമം നടന്നതെന്നാണ് റിപോര്‍ട്ട്. ദുര്‍ഗാ പൂജ അക്രമത്തിന് ശേഷം ബംഗ്ലാദേശ് സര്‍ക്കാര്‍ ഹിന്ദു സമൂഹത്തിന് സംരക്ഷണം ഉറപ്പാക്കുകയും നിരവധി അക്രമകാരികളെ അറസ്റ്റുചെയ്യുകയും ചെയ്തു. എന്നാല്‍, ഇന്ത്യയിലാവട്ടെ ഭരണകൂടം അക്രമികള്‍ക്ക് തണലൊരുക്കുകയാണെന്ന് സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.

Tags: