'ജീവിക്കാൻ അനുവദിക്കുന്നില്ല'; പിഴയടച്ച രസീതുകൾ മാലയാക്കി അണിഞ്ഞ്​ ഒറ്റയാൾ പ്രതിഷേധം

'മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക്, ചെങ്കൽ സർവീസിന് അനുമതി ഉണ്ടായിട്ടും വഴിനീളെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ചെക്കിങ്ങും ഫൈനും കാരണം ബുദ്ധിമുട്ടിലായ ഒരു ഡ്രൈവറുടെ ജീവിക്കാൻ വേണ്ടിയുള്ള പ്രതിഷേധം

Update: 2021-07-30 16:08 GMT

മഞ്ചേരി: ചെങ്കല്ല് കടത്തിയതിനു പോലിസും റവന്യൂ വകുപ്പും അന്യായമായി പിഴ ഈടാക്കുന്നുവെന്നാരോപിച്ച് യുവാവിൻറെ ഒറ്റയാൾ പ്രതിഷേധം. പുൽപറ്റ സ്വദേശി വരിക്കകാടൻ റിയാസ് (36) ആണ് നഗരത്തിൽ ഒറ്റയാൾ സമരം നടത്തിയത്. പിഴയടച്ച രസീതുകൾ നൂലിൽ കോർത്ത് മാലയാക്കി കഴുത്തിൽ അണിഞ്ഞായിരുന്നു പ്രതിഷേധം.

ലോറി ഡ്രൈവറായ റിയാസ് ലോറിയിൽ കല്ലുകൊണ്ടുപോകുന്നതിനിടെ വിവിധ വകുപ്പ് അധികൃതർ അനാവശ്യമായി പിഴ ചുമത്തിയെന്നാണ് റിയാസ് പറയുന്നത്. 500 രൂപ മുതൽ 10,000 വരെ വിവിധ കാരണങ്ങൾ പറഞ്ഞു ഫൈൻ ഈടാക്കുന്നുവെന്നും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും റിയാസ് പറയുന്നു.

'മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക്, ചെങ്കൽ സർവീസിന് അനുമതി ഉണ്ടായിട്ടും വഴിനീളെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ചെക്കിങ്ങും ഫൈനും കാരണം ബുദ്ധിമുട്ടിലായ ഒരു ഡ്രൈവറുടെ ജീവിക്കാൻ വേണ്ടിയുള്ള പ്രതിഷേധം' എന്ന പ്ലക്കാർഡും പിടിച്ചായിരുന്നു വേറിട്ട പ്രതിഷേധം. പ്രതിഷേധത്തിൻറെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇതിനോടകം നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ രം​ഗത്തെത്തിയിരിക്കുന്നത്. കേരളത്തിൽ ശക്തിയാർജിക്കുന്ന പോലിസ് രാജിനെ ചോദ്യംചെയ്യണമെന്നടക്കമുള്ള പ്രതികരണങ്ങളാണ് ഉയർന്നിരിക്കുന്നത്.