ആറ്റിങ്ങലില്‍ കെ റെയില്‍ പദ്ധതിക്കെതിരേ പ്രതിഷേധിച്ച സമരസമിതി പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കി

ഒരു വനിതയുള്‍പ്പടെ ഏഴോളം പേരെയാണ് അറസ്റ്റ് ചെയ്തത്. കെറെയില്‍ വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകര്‍ കല്ലിടല്‍ തടയാന്‍ ശ്രമിച്ചതാണ് നേരിയ സംഘര്‍ഷത്തിന് കാരണമായത്.

Update: 2022-01-31 09:20 GMT

ആറ്റിങ്ങല്‍: കെ റെയില്‍ പദ്ധതിക്കുവേണ്ടി കല്ലിടുന്നതിനെതിരേ ആറ്റിങ്ങലില്‍ പ്രതിഷേധം. ആലംകോട് ഇസ്‌ലാംമുക്കില്‍ പ്രതിഷേധക്കാരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കെ റെയില്‍ വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകരെ പോലിസ് പിരിച്ചുവിടാന്‍ ശ്രമിച്ചതോടെയാണിത്. ഇതോടെ കല്ലിടല്‍ തടയാനെത്തിയ പ്രതിഷേധക്കാരെ പോലിസ് അറസ്റ്റു ചെയ്ത് നീക്കി.

ഒരു വനിതയുള്‍പ്പടെ ഏഴോളം പേരെയാണ് അറസ്റ്റ് ചെയ്തത്. കെറെയില്‍ വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകര്‍ കല്ലിടല്‍ തടയാന്‍ ശ്രമിച്ചതാണ് നേരിയ സംഘര്‍ഷത്തിന് കാരണമായത്. പ്രതിഷേധക്കാര്‍ക്കുനേരെ പോലിസ് ലാത്തി വീശി. അറസ്റ്റ് ചെയ്തവരെ ആറ്റിങ്ങല്‍, വര്‍ക്കല പോലിസ് സ്‌റ്റേഷനുകളിലേക്ക് മാറ്റി. പ്രദേശത്തു പ്രതിഷേധം തുടരുകയാണ്. വര്‍ക്കല ഡിവൈഎസ്പി നിയാസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്.