വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ പ്രവാചക കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച് അധ്യാപകന്‍; ബ്രിട്ടനില്‍ വിവാദം, പ്രതിഷേധം

വടക്കന്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ഗ്രാമര്‍ സ്‌കൂളിലെ 29കാരനായ അധ്യാപകനാണ് വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ പ്രവാചക കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചത്.

Update: 2021-03-27 13:06 GMT

ലണ്ടന്‍: ബ്രിട്ടനിലെ ക്ലാസ് മുറിയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ചതിനെ ചൊല്ലി രാജ്യത്ത് വിവാദം കൊഴുക്കുന്നു. വടക്കന്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ഗ്രാമര്‍ സ്‌കൂളിലെ 29കാരനായ അധ്യാപകനാണ് വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ പ്രവാചക കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം വിവാദ ഫ്രഞ്ച് ആക്ഷേപ ഹാസ്യ മാഗസിനായ ഷാര്‍ലി ഹെബ്ദോ പ്രസിദ്ധീകരിച്ച പ്രവാചന്‍ മുഹമ്മദ് നബിയെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന കാര്‍ട്ടൂണാണ് അധ്യാപകന്‍ പ്രദര്‍ശിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. കാര്‍ട്ടൂണിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇരു വിഭാഗം രംഗത്തെത്തിയത് രാജ്യത്ത് സഹിഷ്ണുതയുടെ പരിമിതി, വിദ്യാഭ്യാസം, സ്വതന്ത്ര്യമായ അഭിപ്രായ പ്രകടനം തുടങ്ങിയവയില്‍ ചൂടേറിയ ചര്‍ച്ചയ്ക്കു കാരണമായിട്ടുണ്ട്.

മതപഠന ക്ലാസിലാണ് കുട്ടികള്‍ക്ക് അധ്യാപകന്‍ പ്രവാചകന്റെ ചിത്രമെന്ന് പറഞ്ഞ് കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചത്. സംഭവം വിവാദമായതോടെ ഇയാളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. സംഭവത്തെ ചൊല്ലി ആളുകള്‍ ചേരി തിരിഞ്ഞത് ആശങ്കയുളവാക്കുന്നതാണെന്ന് ബ്രിട്ടീഷ് ഹൗസ് ഓഫ് ലോര്‍ഡ് അംഗം സയീദ വാര്‍സി പറഞ്ഞു.

കാര്‍ട്ടൂണിനെചൊല്ലിയുള്ള ചര്‍ച്ച രാജ്യത്ത് പുതിയ ഒരു സാംസ്‌കാരിക യുദ്ധത്തിന് കോപ്പുകൂട്ടുന്നതാണെന്നും അത് കുട്ടികളുടെയും അവരുടെ പഠനത്തിന്റെയും മറവിലാണെന്നും ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ ബാരോണസ് വാര്‍സി വിമര്‍ശിച്ചു. കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതായി 29കാരനായ അധ്യാപകന്‍ സമ്മതിച്ചിട്ടുണ്ട്. നേരത്തെയും രാജ്യത്ത് സമാന വിവാദം അരങ്ങേറിയിട്ടുണ്ട്.

Tags:    

Similar News