കലക്ടറേറ്റ് മാര്‍ച്ച് ചിത്രം ഉപയോഗപ്പെടുത്തി മതവിദ്വേഷ പ്രചാരണം: കേരള മുസ്‌ലിം ജമാഅത്ത് പരാതി നല്‍കി

Update: 2022-08-04 03:29 GMT

മലപ്പുറം: സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തുകയും തെളിവുകളെല്ലാം നശിപ്പിക്കാന്‍ തന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്യുകയും കേസിലെ ഒന്നാം പ്രതിയുമായ ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസിനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയതില്‍ പ്രതിഷേധിച്ചും നിയമനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചിന്റെ ചിത്രങ്ങളുപയോഗിച്ച് വര്‍ഗീയ പ്രചാരണം നടത്തുന്നതിനെതിരേ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി. മതവിദ്വേഷവും സമുദായങ്ങള്‍ തമ്മില്‍ ബോധപൂര്‍വ സംഘര്‍ഷവും സൃഷ്ടിക്കാനായി പ്രചരിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

ജില്ലാ പോലീസ് മേധാവിക്കു പുറമെ ചീഫ് സെക്രട്ടറി, ഡി ജി പി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി. സാമുദായിക സൗഹാര്‍ദത്തിന് രാജ്യത്തിന് തന്നെ മാതൃകയായ മലപ്പുറം ജില്ലയിലെ മുഴുവന്‍ ജനങ്ങള അപഹസിക്കുന്നതും ഛിദ്രതയുണ്ടാക്കാന്‍ കാരണമാകുന്ന ഈ നീചകൃത്യം നടത്തുന്നവര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ടു കൂടിയാണ് പരാതി. വര്‍ഗീയ ധ്രുവീകണവും വിദ്വേഷവും പരത്തുന്ന 'യോഗി ആദിത്യനാഥ് ദി ഫ്യൂച്ചര്‍ പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ' എന്ന എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ ആഗസ്ത് ഒന്നിന് വൈകുന്നേരം 4.26നാണ് പോസ്റ്റ് ചെയ്തത്.ഇത്തരം തത്പരകക്ഷികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും നീക്കാന്‍ ആവശ്യമായത് ചെയ്യണമെന്നും ജനറല്‍ സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, നിയമകാര്യ സെക്രട്ടറി എ അലിയാര്‍, ജില്ലാ കമ്മിറ്റി അംഗം പി സുബൈര്‍ എന്നിവര്‍ ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ പി എസിനെ നേരില്‍ കണ്ട് പരാതി നല്‍കി.

Tags: