പ്രഫ. ടി ശോഭീന്ദ്രന്‍; വിടപറഞ്ഞത് പച്ചയായ പരിസ്ഥിതി അധ്യാപകന്‍

Update: 2023-10-13 04:56 GMT

കോഴിക്കോട്: പരിസ്ഥിതി പ്രവര്‍ത്തനം വെറുംവാക്കിലൊതുക്കാതെ, ജീവനും ജീവിതവും പ്രകൃതിക്കു വേണ്ടി ചെലവഴിച്ച പച്ചയായ മനുഷ്യനായിരുന്നു വിടപറഞ്ഞ പ്രഫ. ടി ശോഭീന്ദ്രന്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശോഭീന്ദ്രന്‍ മാഷ് അന്തരിച്ചത്. 76 വയസ്സായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹത്തിന്റെ വസ്ത്രധാരണരീതി പോലും വേറിട്ടതായിരുന്നു. പച്ച പാന്റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു എന്നും ധരിച്ചിരുന്നത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മുന്‍ മേധാവിയാണ്. 'പച്ചമനുഷ്യ'നായി നടന്ന ശോഭീന്ദ്രന് വനമിത്ര പുരസ്‌കാരം, ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്രാ അവാര്‍ഡ്, ഒയിസ്‌ക വൃക്ഷസ്‌നേഹി അവാര്‍ഡ്, ഹരിതബന്ധു അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. അമ്മ അറിയാന്‍, ഷട്ടര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ജോണിനൊപ്പം എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.

    കക്കോടി മൂട്ടോളി സ്വദേശിയാണ്. പിതാവ്: നാരായണന്‍. മാതാവ്: അംബുജാക്ഷി. ഭാര്യ: എം സി പത്മജ (ചേളന്നൂര്‍ എസ്എന്‍ കോളജ് ഇക്കണോമിക്‌സ് വിഭാഗം മുന്‍ മേധാവി). മക്കള്‍: ബോധി(കംപ്യൂട്ടര്‍ സയന്‍സ് വകുപ്പ് പ്രഫസര്‍, ഫാറൂഖ് കോളജ്), ധ്യാന്‍(ഐസിഐസിഐ ബാങ്ക്). മരുമക്കള്‍: ദീപേഷ് കരിമ്പുങ്കര(അധ്യാപകന്‍, ചേളന്നൂര്‍ എസ്എന്‍ കോളജ്), റിയ.

Tags: