പ്രഫ. അശോക് സാഹ്നിക്ക് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ആജീവനാന്ത പുരസ്‌കാരം

കാലാവസ്ഥ ശാസ്ത്ര സാങ്കേതിക വിദ്യയ്ക്കുള്ള ദേശീയ പുരസ്‌കാരം തിരുവനന്തപുരം വിഎസ്എസ് സിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. എസ് സുരേഷ് ബാബുവിനാണ്

Update: 2020-07-29 11:54 GMT

ന്യൂഡല്‍ഹി: ഭൗമ സംവിധാന ശാസ്ത്രരംഗത്ത് നല്‍കുന്ന സംഭാവനകളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭൗമശാസ്ത്ര മന്ത്രാലയം ഏര്‍പ്പെടുത്തിയ ആജീവനാന്ത മികവിനുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം പ്രഫ. അശോക് സാഹ്നിക്ക്. ബയോ സ്‌ട്രൈറ്റിഗ്രഫി, വെര്‍ട്ടിബ്രറേറ്റ് പാലിയന്റോളജി, ഭൂവല്‍ക്ക ശാസ്ത്രം എന്നീ മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്.

    ആജീവനാന്ത മികവിനുള്ള പുരസ്‌കാരത്തിനു പുറമെ, കാലാവസ്ഥ ശാസ്ത്ര-സാങ്കേതിക വിദ്യ, സമുദ്രശാസ്ത്രം, ഭൗമ ശാസ്ത്ര-സാങ്കേതിക വിദ്യ, സമുദ്ര സാങ്കേതികവിദ്യ(പഠനം)/ധ്രുവ ശാസ്ത്രം എന്നീ മേഖലകള്‍ക്കുള്ള ദേശീയ പുരസ്‌കാരം, യുവ ഗവേഷകര്‍ക്കുള്ള രണ്ടു പുരസ്‌കാരം, വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള ഡോക്ടര്‍ അണ്ണാ മണി ദേശീയപുരസ്‌കാരം എന്നിവയും പ്രഖ്യാപിച്ചു.

    സമുദ്രശാസ്ത്രം, സാങ്കേതികവിദ്യ എന്ന മേഖലകള്‍ക്കുള്ള ദേശീയ പുരസ്‌കാരം വിശാഖപട്ടണം സിഎസ്‌ഐആര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. വി വി എസ് എസ് ശര്‍മയ്ക്കും ഗോവയിലെ ദേശീയ ധ്രുവ സമുദ്ര ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. എം രവിചന്ദ്രനും ലഭിച്ചു. കാലാവസ്ഥ ശാസ്ത്ര സാങ്കേതിക വിദ്യയ്ക്കുള്ള ദേശീയ പുരസ്‌കാരം തിരുവനന്തപുരം വിഎസ്എസ് സിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. എസ് സുരേഷ് ബാബുവിനാണ്.
ബ്ലാക്ക് കാര്‍ബണ്‍ എയ്‌റോസോളുകളുടെ അണുവികിരണ സ്വഭാവം മൂലം കാലാവസ്ഥ സ്ഥിരതയിലും സ്വഭാവത്തിലും ഉണ്ടാവാനിടയുള്ള പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കുന്നതില്‍ നല്‍കിയ സംഭാവനകളാണ് ഡോ. സുരേഷ് ബാബുവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

    ഭൗമ ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തുള്ള ദേശീയ പുരസ്‌കാരം ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ജിയോളജി വകുപ്പിലെ എന്‍ വി ചലപതിറാവുവിനു സമ്മാനിക്കും. സമുദ്ര സാങ്കേതികവിദ്യ രംഗത്തുള്ള ദേശീയപുരസ്‌കാരം ചെന്നൈയിലെ ദേശീയ സമുദ്ര സാങ്കേതിക വിദ്യാ കേന്ദ്രം ഡയറക്ടര്‍ ഡോ. എം എ ആത്മാനന്ദിനാണ്. വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള അണ്ണാ മണി പുരസ്‌കാരം ഗോവയിലെ സിഎസ്‌ഐആര്‍ ദേശീയ സമുദ്ര ഗവേഷണ പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ലിഡിത ഡി എസ് ഖണ്ടേപാര്‍ക്കര്‍ നേടി. ഐഐടി കാണ്‍പൂരിലെ ഡോ. ഇന്ദിരാ ശേഖര്‍ സെന്‍, അഹമ്മദാബാദ് ഭൗതിക ഗവേഷണകേന്ദ്രത്തിലെ(പിആര്‍എല്‍) ഡോ. അരവിന്ദ് സിങ് എന്നിവര്‍ക്കാണ് യുവ ഗവേഷക പുരസ്‌കാരം. ഭൗമ സംവിധാന ശാസ്ത്ര രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഇവരെ അവാര്‍ഡിനു തിരഞ്ഞെടുത്തത്. 

Prof. Ashok Sahni receives Lifetime Achievement Award from the Ministry of Geology

Tags: