കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു; സമരം അവസാനിപ്പിച്ച് ഇടതുസംഘടന

സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന്, സ്ഥലംമാറ്റിയ 3 നേതാക്കളില്‍ ജാസ്മിന്‍ ബാനുവിനെ തിരുവനന്തപുരത്തേക്കു മാറ്റും.

Update: 2022-05-06 15:50 GMT

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ബി അശോകും ഇടതു അനുകൂല സംഘടനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരം. ഇടതു സംഘടനയായ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ മൂന്നു പ്രധാന നേതാക്കളെ സ്ഥലം മാറ്റിയ നടപടി പുനഃപരിശോധിക്കും. ഇതോടെ, സമരപരിപാടികളില്‍നിന്ന് പിന്‍മാറുകയാണെന്ന് സംഘടന യോഗത്തില്‍ അറിയിച്ചു. ഊര്‍ജ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ വിളിച്ച യോഗത്തിലാണ് തീരുമാനം. വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും യോഗത്തില്‍ പങ്കെടുത്തു.

സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന്, സ്ഥലംമാറ്റിയ 3 നേതാക്കളില്‍ ജാസ്മിന്‍ ബാനുവിനെ തിരുവനന്തപുരത്തേക്കു മാറ്റും. അസോസിയേഷന്‍ പ്രസിഡന്റ് എം.ജി.സുരേഷ് കുമാര്‍, സെക്രട്ടറി ബി.ഹരികുമാര്‍ എന്നിവര്‍ക്കെതിരെയുള്ള നടപടികള്‍ അവസാനിപ്പിച്ച് ഉചിതമായ സ്ഥലത്തു നിയമനം നല്‍കും. ഹരികുമാറിന്റെ തടഞ്ഞുവച്ച സ്ഥാനക്കയറ്റവും നല്‍കും. പ്രതിഷേധത്തിന്റെ ഭാഗമായി ബോര്‍ഡ് റൂമിലേക്കു തള്ളിക്കയറിവര്‍ക്കെതിരെ വലിയ നടപടികള്‍ ഉണ്ടാകില്ല. ഡയസ്‌നോണ്‍ ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാനും തീരുമാനമായി.

സംഘടനാ പ്രവര്‍ത്തനത്തിനു സ്വാതന്ത്ര്യം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി. പരസ്യ പ്രതികരണത്തിനു മുന്‍പ് വൈദ്യുതി ബോര്‍ഡുമായി വിഷയം ചര്‍ച്ച ചെയ്യണമെന്നും നിര്‍ദേശിച്ചു. നേരത്തെ മന്ത്രി കൃഷ്ണന്‍കുട്ടി സംഘടനാ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതനുസരിച്ചാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഊര്‍ജ സെക്രട്ടറിയോട് നിര്‍ദേശിച്ചത്.

Tags: