ഡല്‍ഹിയിലെ പാകിസ്താന്‍ അനുകൂല പോസ്റ്റര്‍; പിന്നില്‍ മനോരോഗിയെന്ന് പോലിസ്
ന്യഡല്‍ഹി:ഡല്‍ഹിയിലെ പാകിസ്താന്‍ അനുകൂല പോസ്റ്ററിന് പിന്നില്‍ മനോ രോഗിയെന്ന് പോലിസ്. വിവാദവുമായി ബന്ധപ്പെട്ട ആള്‍ക്ക് മാനസിക രോഗമുണ്ടെന്നാണ് പോലിസ് റിപോര്‍ട്ട്. ഡല്‍ഹി അവന്തികാ മേഖലയില്‍ കഴിഞ്ഞ ദിവസമാണ് പാക് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇവിടെ അടുത്തുള്ള കെട്ടിടത്തിലെ മുറിയില്‍ പാക് അനുകൂല മുദ്രാവാക്യങ്ങളുടെ പോസ്റ്ററുകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പാകിസ്താന്‍ നീണാള്‍ വാഴട്ടെ' എന്ന വാചകവും പോസ്റ്ററില്‍ ഉണ്ട്.
പോസ്റ്ററില്‍ കാണുന്ന കെട്ടിടത്തില്‍ അന്വേഷിച്ചപ്പോള്‍ ഇരുള്‍ നിറഞ്ഞ മുറിയില്‍ ഒരു വൃദ്ധനെ കണ്ടെത്തുകയായിരുന്നു. ഇയാളുടെ കൈയില്‍ മദ്യക്കുപ്പി ഉണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മാനസിക വിഭ്രാന്തിയുണ്ടെന്ന് മനസ്സിലായതെന്നാണ് പോലിസ് പറയുന്നത്. തന്നോട് ഒരു സമയം ഒരാള്‍ മാത്രം ചോദ്യം ചോദിച്ചാല്‍ മതിയെന്നും ഇയാള്‍ പറയുന്നുണ്ട്. താങ്കള്‍ എന്തിന് ഇത് ചെയ്യുന്നു എന്ന ചോദ്യത്തിന് തനിക്ക് പാകിസ്താനോട് സ്നേഹമാണെന്നും ഇയാള്‍ പറയുന്നുണ്ട്.ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാക് അനുകൂല പോസ്റ്റര്‍ എന്ന വാര്‍ത്ത പരന്നതോടെ ഭീകര സംഘടനകളാണ് പിന്നിലെന്ന വ്യാപക പ്രചാരണം ഉണ്ടായിരുന്നു. അതിനിടെ പിടിയിലായ ആള്‍ മുസ്ലിം അല്ലെന്ന് മനോരോഗിയാണെന്നും ഫാക്റ്റ് ചെക്കിങ് വെബ് സൈറ്റ് സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈര്‍ എക്‌സില്‍ കുറിച്ചു.