യുപി കോണ്‍ഗ്രസില്‍ ശുദ്ധികലശം; പൂര്‍ണ ചുമതല പ്രിയങ്കയിലേക്ക്; ജ്യോതിരാദിത്യയെ ഒഴിവാക്കുന്നു
ലക്‌നൗ: 2022ലെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയുടെ നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കാന്‍ സമ്പൂര്‍ണ ശുദ്ധീകരണത്തിന് ഒരുങ്ങി ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ്. സംസ്ഥാനത്തിന്റെ പൂര്‍ണ ചുമതല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധിക്ക് നല്‍കാനാണ് നീക്കം നടക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഉടന്‍ ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല പ്രിയങ്ക വഹിച്ചിരുന്നു.
നിലവില്‍ ഉത്തര്‍പ്രദേശില്‍ സജീവമാണ് പ്രിയങ്ക ഗാന്ധി. താഴെത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുളള ശ്രമമാണ് പ്രിയങ്ക നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി ജില്ലാതല യോഗങ്ങള്‍ വിളിച്ചുകൂട്ടിയും മറ്റും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ സജീവമാക്കാനുളള ശ്രമങ്ങള്‍ പ്രിയങ്ക നടത്തിവരുകയാണ്. ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന നേതാക്കളുമായുളള കൂടിക്കാഴ്ചയും പതിവാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികളുമായും പ്രിയങ്ക ആശയവിനിമയം നടത്തുന്നുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ ഇടപെടല്‍. ഈ പശ്ചാത്തലത്തിലാണ് ഉത്തര്‍പ്രദേശിന്റെ മുഴുവന്‍ ചുമതലയും പ്രിയങ്കയെ ഏല്‍പ്പിക്കാനുളള നീക്കം കോണ്‍ഗ്രസില്‍ സജീവമായിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയൂടെ ദയനീയ പ്രകടനത്തിനു പിന്നാലെ സംസ്ഥാനത്തെ പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടിരുന്നു. പുതിയ സംസ്ഥാന കമ്മിറ്റി നേരത്തേയുള്ളതിനേക്കാള്‍ ചെറുതായിരിക്കുമെന്നാണ് സൂചന. കൂടാതെ, കമ്മിറ്റി അംഗങ്ങളുടെ ശരാശരി പ്രായം 40 ആയിരിക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാവും.
അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല വഹിച്ചിരുന്ന ജ്യോതിരാദിത്യ സിന്ധ്യ നിലവില്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ്. മധ്യപ്രദേശ് സംസ്ഥാന പ്രസിഡന്റായി തന്നെ നിയമിക്കണമെന്നാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ മുഖ്യ ആവശ്യം. ഇതും കണക്കിലെടുത്താണ് പ്രിയങ്ക ഗാന്ധിയെ പൂര്‍ണമായി ഉത്തര്‍പ്രദേശിന്റെ ചുമതല ഏല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
