യുപി തിരഞ്ഞെടുപ്പ്: ഉന്നാവില്‍ ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
125 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ 40 ശതമാനം സ്ത്രീകളാണ്. അതേ പ്രാതിനിധ്യം തന്നെയാണ് യുവജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 125 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ 50 വനിതകളും ഉള്‍പ്പെടുന്നതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. സ്ഥാനാര്‍ത്ഥികളില്‍ ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മ ആശാ സിങ്, സോന്‍ഭദ്രയിലെ ഉംഭ ഗ്രാമത്തില്‍ ഭൂമിക്കായുള്ള ഗോണ്ട് വിഭാഗക്കാരുടെ പോരാട്ടത്തിന് നേതൃത്വം നല്‍കിയ രാംരാജ് ഗോണ്ട് എന്നിവരും ഉള്‍പ്പെടുന്നു.
ഷാജഹാന്‍പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാന്‍ ശ്രമിച്ചപ്പോള്‍ പോലിസ് തടഞ്ഞ ആശ വര്‍ക്കര്‍ പൂനം പാണ്ഡെ, ഉത്തര്‍പ്രദേശിലെ സിഎഎ-എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാവ് സദഫ് ജാഫര്‍ തുടങ്ങിയവരും പട്ടികയിലുണ്ട്.
125 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ 40 ശതമാനം സ്ത്രീകളാണ്. അതേ പ്രാതിനിധ്യം തന്നെയാണ് യുവജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. ഇത്തരത്തിലുള്ള പുതിയൊരു നീക്കത്തിലൂടെ സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിയങ്ക ഗാന്ധി പറഞ്ഞു.