പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസിലന്റ് മന്ത്രിസഭയില്‍ എത്തിയ ആദ്യ മലയാളി വനിത

Update: 2020-11-02 07:39 GMT

വെല്ലിങ്ടണ്‍: ന്യൂസിലന്റ് മന്ത്രിസഭയിലെത്തുന്ന ആദ്യ ഇന്ത്യാക്കാരിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി എംപിയായ പ്രിയങ്കയ്ക്ക് സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. തൊഴില്‍ സഹമന്ത്രിയുടെ ചുമതലയും കൂടി ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ജസീന്ത ആര്‍ഡന്റെ മന്ത്രിസഭയില്‍ അംഗമായതോടെ ന്യൂസിലന്‍ഡില്‍ മന്ത്രിസ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ എന്ന നേട്ടം കൂടിയാണ് എറണാകുളം പറവൂര്‍ സ്വദേശി പ്രിയങ്ക രാധാകൃഷ്ണന്‍ കരസ്ഥമാക്കിയത്.

ഇന്ത്യയില്‍ ജനിച്ച അവര്‍ മാതാപിതാക്കളോടൊപ്പം പിന്നീട് സിംഗപ്പൂരിലേക്ക് താമസം മാറി. ബിരുദാനന്തര ബിരുദ പഠനത്തിനായാണ് ന്യൂസിലന്‍ന്റില്‍ എത്തിയത്. രണ്ട് തവണ എംപിയായിട്ടുള്ള പ്രിയങ്ക ആദ്യമായാണ് മന്ത്രിസഭയിലേക്ക് എത്തുന്നത്. 2017-2020 കാലത്ത് പ്രിയങ്ക മന്ത്രിയായിരുന്ന ജെന്നി സാലിസയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു പ്രിയങ്ക. ലേബര്‍ പാര്‍ട്ടിയുടെ രണ്ടാം ടേമില്‍ ജെന്നി സാലിസ അസിസ്റ്റന്‍ഡ് സ്പീക്കര്‍ ആയതോടെയാണ് പ്രിയങ്ക മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.

ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തൊഴിലാളികളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ശബ്ദങ്ങള്‍ ഉയര്‍ത്തിയും അവര്‍ക്കെതിരെ വാദിച്ചുകൊണ്ട് അവള്‍ തന്റെ ജോലി ജീവിതം ചെലവഴിച്ചു. ന്യൂസിലാന്റിലുടനീളമുള്ള വിവിധ സമുദായങ്ങളുമായിപ്രിയങ്ക പ്രവര്‍ത്തിച്ചിട്ടുണ്ട്. വംശീയത, ലിംഗഭേദം, ലൈംഗികത, സാമൂഹിക-സാമ്പത്തിക സ്ഥിതി എന്നിവ പരിഗണിക്കാതെ രാജ്യത്ത് എല്ലാവര്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള അവസരം ഉണ്ടായിരിക്കണമെന്നാണ് പ്രിയങ്ക ശക്തമായി വിശ്വസിക്കുന്നത്. പറവൂര്‍ മാടവനപ്പമ്പ് രാമന്‍ രാധാകൃഷ്ണന്‍-ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക. ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയും, ഐടി ജീവനക്കാരനുമായ റിച്ചാര്‍ഡ്‌സണാണു ഭര്‍ത്താവ്.