നിരക്ക് കൂട്ടാതെ പിന്നോട്ടില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍; ചര്‍ച്ച പോലും നടത്താതെ സര്‍ക്കാര്‍

Update: 2022-03-26 12:21 GMT

കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരും. യാത്രാ നിരക്ക് കൂട്ടാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ബസ്സുടമകളുടെ നിലപാട്. സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും പ്രശ്‌നപരിഹാരത്തിന് ബസ്സുടമകളെ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നാണ് ബസ്സുടമകളുടെ യൂനിയനുകള്‍ പറയുന്നത്. ഗതികേട് കൊണ്ടാണ് സമരം നടത്തുന്നതെന്നും സര്‍ക്കാരിനോടുള്ള ഏറ്റുമുട്ടലല്ലെന്നും ആള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കുന്നു. സമരം അതിജീവന പോരാട്ടമാണ്. സര്‍ക്കാരിനോട് ഏറ്റുമുട്ടുന്നുവെന്ന് പറഞ്ഞ് തങ്ങളെ ജനവിരുദ്ധരായാണ് മന്ത്രി ചിത്രീകരിക്കുന്നത്.

ഗതാഗത മന്ത്രിയുടെ പിടിവാശികൊണ്ടുണ്ടായ സമരമാണിത്. യാത്രാനിരക്ക് വര്‍ധിപ്പിക്കുമെന്ന് പറഞ്ഞ മന്ത്രി വാക്കുപാലിച്ചില്ല. നിരക്ക് വര്‍ധിപ്പിക്കാതെ സമരം അവസാനിക്കില്ല. മന്ത്രിക്ക് ചിറ്റമ്മ നയമാണ്. സമര ദിവസങ്ങളില്‍ കെഎസ്ആര്‍ടിസിയില്‍ വിദ്യാഥികള്‍ക്ക് കണ്‍സഷന്‍ ടിക്കറ്റില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ യാത്ര അനുവദിക്കുന്നില്ല. മന്ത്രി അതിന് തയ്യാറാവണം. 30ന് ഇടതുമുന്നണി യോഗം ചേരുമ്പോള്‍ എല്ലാ ജില്ലയിലും പ്രതിഷേധം നടത്തുമെന്നും ബസ്സുടമകള്‍ അറിയിച്ചു. അതേസമയം, ഇക്കാര്യത്തില്‍ ഇനിയും ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിലപാട്. ചാര്‍ജ് വര്‍ധനയുടെ കാര്യത്തില്‍ തീരുമാനമായതാണ്. അത് എപ്പോള്‍, എങ്ങനെ നടപ്പാക്കുമെന്ന് പറയാനാവില്ല.

ചാര്‍ജ് വര്‍ധന എടുത്തുചാടി തീരുമാനിക്കേണ്ട ഒന്നല്ല. പല കാര്യങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുണ്ട്. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന സമരം ശരിയാണോ എന്ന് ബസ്സുടമകള്‍ ആലോചിക്കണം. സ്വകാര്യ ബസ് പണിമുടക്കുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് പിടിവാശികളൊന്നുമില്ല. മന്ത്രിയുടെ പിടിവാശികൊണ്ടാണ് പണിമുടക്കിലേക്ക് പോവേണ്ടിവന്നതെന്ന ബസ്സുടമകളുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ബസ് സമരത്തിന് പിന്നിലെ ലക്ഷ്യം മറ്റ് ചിലതാണ്. ചില നേതാക്കളുടെ സ്ഥാപിത താല്‍പ്പര്യമാണ് സമരത്തിന് കാരണം. സമരം പിന്‍വലിക്കാന്‍ ബസ്സുടമകള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിരക്ക് വര്‍ധിപ്പിക്കുമെന്ന വാക്ക് മന്ത്രി പാലിച്ചില്ലെന്ന വിമര്‍ശനത്തിന് വാക്ക് പാലിച്ച് തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്നായിരുന്നു ആന്റണി രാജുവിന്റെ മറുപടി. വ്യാഴാഴ്ച മുതല്‍ തുടങ്ങിയ സ്വകാര്യ ബസ് പണിമുടക്ക് ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ജനങ്ങളുടെ യാത്രാക്ലേശം ഇരട്ടിച്ചിരിക്കുകയാണ്. പരീക്ഷാ കാലമായതിനാല്‍ വിദ്യാര്‍ഥികളെ ആണ് സമരം കാര്യമായി ബാധിച്ചത്. തിരക്കേറിയ റൂട്ടുകളില്‍ അധിക സര്‍വീസ് നടത്തുന്നുണ്ടെങ്കിലും അത് പര്യാപ്തമല്ലെന്ന് ജനങ്ങള്‍ പറയുന്നു.

വലിയ തിരക്കാണ് സംസ്ഥാനത്തുടനീളം കെഎസ്ആര്‍ടിസി ബസ്സുകളില്‍ അനുഭവപ്പെട്ടത്. ഗ്രാമീണ മേഖലയിലും വാഹനങ്ങള്‍ കിട്ടാതെ ആളുകള്‍ ബുദ്ധിമുട്ടുകയാണ്. മിക്ക ജില്ലകളിലെയും പൊതുഗതാഗതം ഏറെക്കുറെ സ്തംഭിച്ച മട്ടിലാണ്. തിരുവനന്തപുരത്ത് ഒരു വിഭാഗം സ്വകാര്യബസ്സുടമകള്‍ പണിമുടക്കില്‍ പങ്കെടുക്കാത്തതും കെഎസ്ആര്‍ടിസി കുത്തകയാക്കി വച്ചിരിക്കുന്നതും മൂലം സമരം വലിയ തോതില്‍ ബാധിച്ചിട്ടില്ല.

എന്നാല്‍, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ പണിമുടക്ക് ഏറെക്കുറെ പൂര്‍ണമാണ്. മിനിമം നിരക്ക് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നിയിച്ചാണ് ബസ്സുടമകള്‍ സമരം തുടങ്ങിയത്. ബസ് ചാര്‍ജ് വര്‍ധനയ്‌ക്കൊപ്പം ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഒരു പാക്കേജായി മാത്രമേ നിരക്ക് വര്‍ധന പ്രഖ്യാപിക്കൂ. 30ന് ചേരുന്ന എല്‍ഡിഎഫ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തതിനുശേഷം മാത്രമേ അന്തിമതീരുമാനമുണ്ടാവൂ എന്നാണ് സര്‍ക്കാര്‍ നിലപാട്.

Tags:    

Similar News