സ്വകാര്യ ബസ് സമരം: കോഴിക്കോട് ജില്ലയില്‍ ഇന്ന് അധിക സര്‍വീസ് ഉണ്ടാകില്ലെന്ന് കെഎസ്ആര്‍ടിസി

തിരക്കേറിയ റൂട്ടുകളില്‍ സര്‍വീസ് പുനഃക്രമീകരിച്ച് കൂടുതല്‍ ബസ്സുകള്‍ ഓടുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

Update: 2022-03-24 03:03 GMT

കോഴിക്കോട്: സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ഇന്ന് അധിക സര്‍വീസ് ഉണ്ടാകില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. തിരക്കേറിയ റൂട്ടുകളില്‍ സര്‍വീസ് പുനഃക്രമീകരിച്ച് കൂടുതല്‍ ബസ്സുകള്‍ ഓടുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് സ്വകാര്യബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പന്ത്രണ്ട് രൂപയാക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ആറ് രൂപയാക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. ചാര്‍ജ് വര്‍ധന ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും എത്ര രൂപ കൂട്ടുമെന്നോ എപ്പോള്‍ കൂട്ടുമെന്നോ അറിയിക്കാത്തതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരത്തിലേക്ക് പോകാന്‍ സ്വകാര്യ ബസ് ഉടമകള്‍ തീരുമാനിച്ചത്. ബസുടമകളുടെ നഷ്ടം സര്‍ക്കാരിന് അറിയാമെന്നും നിരക്ക് നിശ്ചയിക്കുന്നതിന് സമയം വേണ്ടി വരുമെന്നുമാണ് ഗതാഗത മന്ത്രി പറയുന്നത്.

ബസ് സമരം ജനങ്ങളെ ബാധിക്കാതിരിക്കാന്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തും. യൂനിറ്റുകളിലുള്ള മുഴുവന്‍ ബസുകളും സര്‍വീസിനിറക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. ആശുപത്രി, എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക സര്‍വീസുണ്ടാവും. ജീവനക്കാര്‍ അവധിയെടുക്കുന്നതില്‍ നിയന്ത്രണം വരുത്തിയിട്ടുണ്ട്. സ്വകാര്യ ബസ്സുടമകള്‍ ക്രമസമാധന പ്രശ്‌നമുണ്ടാക്കിയാല്‍ പോലിസ് സഹായം തേടാനും നിര്‍ദേശമുണ്ട്.

Tags:    

Similar News