ജനത്തെ വലച്ച് സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക്; നിരക്ക് വര്‍ധിപ്പിക്കാതെ പിന്‍മാറില്ലെന്ന് ബസ്സുടമകള്‍

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാവുന്നതുവരെ സമരം പിന്‍വലിക്കില്ലെന്ന് നിലപാടിലാണ് ബസ്സുടമകള്‍

Update: 2022-03-27 01:39 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം നാലാം ദിവസവും തുടരുന്നു. സ്വകാര്യ ബസ്സുകളെ കൂടുതലായി ആശ്രയിക്കുന്ന മലബാറിലാണ് സമരം സാരമായി ബാധിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ ബസുകള്‍ ഓടുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാവുന്നതുവരെ സമരം പിന്‍വലിക്കില്ലെന്ന് നിലപാടിലാണ് ബസ്സുടമകള്‍. ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചു എന്നാണ് സംഘടനയുടെ ആരോപണം. സമരം തുടങ്ങി ഇത്ര ദിവസമായിട്ടും ചര്‍ച്ചക്ക് പോലും സര്‍ക്കാര്‍ തയ്യറാകുന്നില്ലെന്നും ബസ് ഉടമകള്‍ വിമര്‍ശിക്കുന്നു. പരീക്ഷാ കാലത്ത് വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിച്ചെന്ന് പറയുന്ന ഗതാഗത മന്ത്രി കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിക്കുന്നുണ്ടോ എന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ഗതാഗത മന്ത്രിയുടെ പിടിവാശിയിലുണ്ടായ സമരമാണിത്. നിരക്ക് വര്‍ധന എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. വൈകാതെ നിരക്ക് കൂട്ടുമെന്ന് പറഞ്ഞിട്ട് ഗതാഗത മന്ത്രി വാക്കുപാലിച്ചില്ലെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ വിമര്‍ശിച്ചു.

സമരം അതിജീവന പോരാട്ടമാണ്. സര്‍ക്കാറിനോട് ഏറ്റുമുട്ടുന്നുവെന്ന് പറഞ്ഞ് തങ്ങളെ ജനവിരുദ്ധരായാണ് മന്ത്രി ചിത്രീകരിക്കുന്നതെന്ന് ബസുടമകള്‍ പറഞ്ഞു. ഗതാഗതവകുപ്പ് മന്ത്രിയുടെ പിടിവാശികൊണ്ടുണ്ടായ സമരമാണിതെന്നും മന്ത്രിക്ക് ചിറ്റമ്മ നയമാണെന്നും ബസ്സുടമകള്‍ ആരോപിച്ചു.

അതേസമയം നിരക്ക് വര്‍ധിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും ബസ്സുടമകള്‍ സമരം ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. 30ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ മാത്രമേ നിരക്ക് വര്‍ധന സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവൂ എന്നും മന്ത്രി വ്യക്തമാക്കി.

മിനിമം ചാര്‍ജ് 12രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍. കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാര്‍ശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നവംബര്‍ മാസം തന്നെ മിനിമം ചാര്‍ജ് 10 രൂപായാക്കാന്‍ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. രാമചന്ദ്രന്‍ നായര്‍ ശുപാര്‍ശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നല്‍കുമ്പോഴും എപ്പോള്‍ മുതല്‍ എന്നതില്‍ തീരുമാനം വൈകുകയാണ്.

വിലക്കയറ്റത്തിനിടയില്‍ ബസ് ചാര്‍ജ് വര്‍ധന സാധാരണക്കാര്‍ക്ക് ഇരട്ട പ്രഹരമാകുമെന്ന വിലയിരുത്തലാണ് സര്‍ക്കാരിനെ കുഴപ്പിച്ചത്. എന്നാല്‍ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചന നല്‍കി വീണ്ടും ചര്‍ച്ചകള്‍ സജീവമാക്കിയതും ഗതാഗത മന്ത്രിയാണ്. ചാര്‍ജ് വര്‍ധനയില്‍ എല്‍ഡിഎഫിന്റെ അനുമതിയും വൈകുകയാണ്. വരും ദിവസങ്ങളില്‍ ഓട്ടോ ടാക്‌സി പണി മുടക്കും തുടങ്ങിയേക്കും.

Tags:    

Similar News