ബന്ദിമോചനം യുദ്ധവിരാമത്തിന് ശേഷം മാത്രം; ചര്‍ച്ച തള്ളി ഹമാസ്

Update: 2023-12-21 17:08 GMT

ഗസാ സിറ്റി: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം പൂര്‍ണമായി അവസാനിപ്പിച്ചതിന് ശേഷമല്ലാതെ ബന്ദിമോചനമില്ലെന്നും അതേക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും ഹമാസ്. അല്‍ജസീറയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. നേരത്തേ, വീണ്ടും വെടിനിര്‍ത്തലിനു വേണ്ടി ചര്‍ച്ചകള്‍ നടക്കുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇസ്രായേല്‍ സന്നദ്ധത അറിയിച്ചെങ്കിലും യുദ്ധവിരാമമല്ലാതെ ബന്ദിമോചനമില്ലെന്ന നിലപാട് ഹമാസ് ആവര്‍ത്തിക്കുകയാണ്. ഇതിനിടെ, ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായില്‍ ഹനിയ്യയുടെ അപ്രതീക്ഷിത ഈജിപ്ത് സന്ദര്‍ശനവും ചര്‍ച്ചാസാധ്യതയായി വിലയിരുത്തപ്പെട്ടിരുന്നു. ഇതിനിടെയാണ് ഹമാസ് നിലപാട് വ്യക്തമാക്കിയത്. അതിനിടെ, യുഎസ് വീറ്റോ ഒഴിവാക്കാനുള്ള ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വ്യാഴാഴ്ച ഗസ പ്രമേയത്തില്‍ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗസയിലെ കുടുംബങ്ങളുടെ പട്ടിണി പ്രതിസന്ധി അനുപാതം ആഗോളതലത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്നതാണെന്ന് യുഎന്‍ പിന്തുണയുള്ള ഐപിസിയില്‍ നിന്നുള്ള ഒരു റിപോര്‍ട്ടില്‍ പറയുന്നു. ഒക്‌ടോബര്‍ 7 മുതല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 20,000ത്തിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസയുടെ സര്‍ക്കാര്‍ മാധ്യമ ഓഫിസ് അറിയിച്ചു. ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 1,140 ആയി.

Tags: