മെഡല്‍ തിരിച്ചു വാങ്ങുമെന്ന് പ്രിന്‍സിപ്പലിന്റെ ഭീഷണി, സ്‌കേറ്റിങ് ചാംപ്യന്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി
ഭോപ്പാല്‍: മെഡലുകള്‍ തിരിച്ചു വാങ്ങുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയതിനു പിന്നാലെ സ്‌കേറ്റിങ് താരം കൂടിയായ എട്ടാം ക്ലാസുകാരന്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ അവസ്ഥ ഗുരുതരമാണ്. മധ്യപ്രദേശിലെ രത്‌ലാമിലുള്ള ഡോംഗ്രി നഗറിലെ സ്വകാര്യ സ്‌കൂളില്‍ വെള്ളിയാഴ്ചയാണ് സംഭവം. ദേശീയ തല സ്‌കേറ്റിങ് ചാംപ്യനായ കുട്ടി ക്ലാസിലേക്ക് മൊബൈല്‍ ഫോണുമായി എത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
ക്ലാസ് റൂമില്‍ വച്ച് വിഡിയോ എടുത്ത ശേഷം സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചതോടെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് കാര്യമറിഞ്ഞത്. വിഷയത്തില്‍ നടപടി എടുക്കുന്നതിനു മുന്നോടിയായി വിദ്യാര്‍ഥിയുടെ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചിരുന്നു. അന്നു രാവിലെ കുട്ടി പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് പോകുന്നതും നാലു മിനിറ്റിനിടെ 52 തവണ മാപ്പപേക്ഷിക്കുന്നതും സിസിവിടി ക്യാമറയില്‍ വ്യക്തമാണ്.
എന്നാല്‍ പ്രിന്‍സിപ്പല്‍ കുട്ടിയോട് ദേഷ്യപ്പെട്ടാണ് സംസാരിച്ചത്. സ്‌കേറ്റിങ് കരിയര്‍ തന്നെ ഇല്ലാതാക്കുമെന്നും സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുമെന്നും മെഡലുകള്‍ തിരിച്ചു വാങ്ങുമെന്നും ഭീഷണിപ്പെടുത്തിയതോടെയാണ് കുട്ടി നിരാശനായി പുറത്തേക്കിറങ്ങിയതും കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയതും. സ്‌കൂളില്‍ അധ്യാപകര്‍ക്കു പോലും മൊബൈല്‍ ഫോണ്‍ അനുവദനീയമല്ലെന്നും അന്വേഷണത്തിനു ശേഷം നടപടി സ്വീകരുക്കുമെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ മറുപടി.
