ന്യൂ ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. 60 ശതമാനത്തിലധികം വോട്ട് ഉറപ്പാക്കിയ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു വിജയം ഉറപ്പിച്ചിട്ടുണ്ട്. 38 പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയാണ് യശ്വന്ത് സിന്‍ഹക്കുള്ളത്. രാവിലെ 10 മുതല്‍ 5 വരെയാണ് വോട്ടെടുപ്പ്. എംപി മാര്‍ക്ക് പച്ചയും എംഎല്‍എ മാര്‍ക്ക് പിങ്ക് കളറിലുമുള്ള ബാലറ്റാണ് നല്‍കുക. ജൂലൈ 21 നാണ് വോട്ടെണ്ണല്‍.
ഒഡിഷ സ്വദേശിയും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ബിജെപി നേതാവുമാണ് ദ്രൗപദി മുര്‍മു. വിജയിക്കാനാവശ്യമായ പിന്തുണ ഉറപ്പിച്ച ശേഷമാണ് ദ്രൗപതി മുര്‍മുവിനെ സ്ഥാനാര്‍ഥിത്വം എന്‍ഡിഎ പ്രഖ്യാപിച്ചത്. 5.33 ലക്ഷമായിരുന്നു ആദ്യ ഘട്ടത്തില്‍ എന്‍ഡിഎയുടെ വോട്ട് മൂല്യം. പിന്നീട് ഘട്ടം ഘട്ടമായി വോട്ട് മൂല്യം വര്‍ധിച്ചു. ശിവസേന, ജെഎംഎം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് കൂടി പിന്തുണ ലഭിച്ചതോടെ വോട്ട് മൂല്യം 6.61 ലേക്ക് ഉയര്‍ന്നു. പൊതു സമ്മതന്‍ എന്ന നിലയിലാണ് യശ്വന്ത് സിന്‍ഹയെ പ്രതിപക്ഷം സ്ഥാനാര്‍ഥിയാക്കിയത്.
38 പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയാണ് സിന്‍ഹയ്ക്കുളളത്. 4.13 ലക്ഷമാണ് പ്രതീക്ഷിക്കുന്ന വോട്ട് മൂല്യം. ഇതില്‍ നിന്നും വോട്ട് കുറയുമോ എന്ന ആശങ്ക പ്രതിപക്ഷ ക്യാംപിനുണ്ട്.