രാഷ്ട്രപതി ഒപ്പുവച്ചു; കാര്‍ഷിക ബില്ലുകള്‍ നിയമമായി

കാര്‍ഷിക ബില്ലുകള്‍ രാഷ്ട്രപതി ഒപ്പുവച്ച് നിയമമായതോടെ ഈ നിയമങ്ങള്‍ക്കെതിരേ നാളെ സുപ്രിം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് ടി എന്‍ പ്രതാപന്‍ എംപി അറിയിച്ചു

Update: 2020-09-27 16:28 GMT

ന്യൂഡല്‍ഹി: കര്‍ഷകരുടെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പുകള്‍ക്കിടെ കാര്‍ഷിക ബില്ലുകളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ ബില്ലുകള്‍ നിയമമായി. കഴിഞ്ഞ ആഴ്ച രാജ്യസഭയിലും ലോക്‌സഭയിലും വിവാദമായ മൂന്നു ബില്ലുകളും പാസായിരുന്നു. ഇരുസഭകളിലും ബില്ലുകള്‍ക്കെതിരേ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തി. സംയുക്ത പ്രതിപക്ഷം രാഷ്ട്രപതിയെ സന്ദര്‍ശിച്ച് ബില്ലില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും വിഫലമായിരുന്നു. മൂന്ന് കാര്‍ഷിക ബില്ലുകളിലും ഒപ്പുവയ്ക്കാതെ തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രതിപക്ഷം രാഷ്ട്രപതിക്ക് നിവേദനവും നല്‍കിയിരുന്നു.

    കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ബഹിഷ്‌കരിച്ചിരുന്നു. രാജ്യസഭാ സമ്മേളനം ഈ സമ്മേളന കാലയളവ് കഴിയുന്നതു വരെ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു. അതിനിടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ പ്രധാനപ്പെട്ട മൂന്ന് തൊഴില്‍ ബില്ലുകള്‍ ഉള്‍പ്പെടെ പാസാക്കിയാണ് സഭ പിരിഞ്ഞിരിക്കുന്നത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരേ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ കഴിഞ്ഞ ദിവസം പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി സഭ ബഹിഷ്‌കരിച്ചത്.

    കാര്‍ഷിക ബില്ലുകള്‍ രാഷ്ട്രപതി ഒപ്പുവച്ച് നിയമമായതോടെ ഈ നിയമങ്ങള്‍ക്കെതിരേ നാളെ സുപ്രിം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് ടി എന്‍ പ്രതാപന്‍ എംപി അറിയിച്ചു. അഡ്വ. ആശിഷ് ജോര്‍ജ്ജും അഡ്വ. ജെയിംസ് പി തോമസുമാണ് ടി എന്‍ പ്രതാപനു വേണ്ടി ഹരജി ഫയല്‍ ചെയ്യുന്നത്.

President Signed; Agriculture bills became law



Tags:    

Similar News