അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് രാഷ്ട്രപതിയുടെ വക അഞ്ചു ലക്ഷം രൂപ

Update: 2021-01-15 11:55 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് സംഘപരിവാരം തകര്‍ത്ത ഭൂമിയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിനു വേണ്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സംഭാവന അഞ്ചുലക്ഷത്തി നൂറ് രൂപ. ക്ഷേത്ര നിര്‍മാണത്തിന്റെ മേല്‍നോട്ടത്തിനു വേണ്ടി രൂപീകരിച്ച ട്രസ്റ്റ് രാജ്യവ്യാപകമായി നടത്തുന്ന ഫണ്ട് ശേഖരണത്തിലാണ് 500100 രൂപ നല്‍കിയത്. ബാന്‍ഡ്‌വാഗനില്‍ ചേര്‍ന്ന പരിപാടിയില്‍ വിവിധ രാഷ്ട്രീയ, അര്‍ധ രാഷ്ട്രീയ സംഘടനാ നേതാക്കള്‍ പങ്കെടുത്തു. ഫണ്ട് ശേഖരണം ഫെബ്രുവരി 27 വരെ തുടരും. ശ്രീരമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന് വേണ്ടി സഹ പ്രസിഡന്റ് ഗോവിന്ദ് ദേവ് ഗിരിജി മഹാരാജ് ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചിരുന്നു.

    വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍, ക്ഷേത്ര നിര്‍മാണ സമിതി മേധാവി വൃപേന്ദ്ര മിശ്ര, ആര്‍എസ്എസ് നേതാവ് കുല്‍ഭൂഷന്‍ അഹൂജ എന്നിവരും കൂടെയുണ്ടായിരുന്നു. 'അദ്ദേഹം രാജ്യത്തെ ആദ്യത്തെ പൗരനാണെന്നതിനാല്‍ കാംപയിന്‍ ആരംഭിക്കാന്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ അടുത്ത് പോയി. 5,00,100 രൂപ അദ്ദേഹം സംഭാവന ചെയ്തതായി വിഎച്ച്പി നേതാവ് അലോക് കുമാര്‍ പറഞ്ഞു.

   


മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് ഫണ്ടിലേക്ക് കൈമാറിയതായി എന്‍ഐഎ റിപോര്‍ട്ട് ചെയ്തു. 'രാമക്ഷേത്രത്തിലും എന്റെ കുടുംബത്തില്‍ നിന്ന് ഒരു ഇഷ്ടിക സ്ഥാപിക്കും. ഇത് ഒരു രാമക്ഷേത്രമല്ല, ഒരു ദേശീയ ക്ഷേത്രമാണ്'- ഫണ്ട് നല്‍കിക്കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത ട്വീറ്റില്‍ അദ്ദേഹം കുറിച്ചു. 'ബീഹാറിലെ ഓരോ ഹിന്ദു കുടുംബവും മനോഹരമായ ക്ഷേത്രം പണിയാന്‍ സംഭാവന നല്‍കുന്നു. ക്ഷേത്രത്തിന് എത്ര തുക വേണമെങ്കിലും ഞങ്ങള്‍ക്ക് ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അത്രയ്ക്കാണ് ജനങ്ങളുടെ സഹകരണമെന്നും പട്‌നയില്‍ സമര്‍പന്‍ നിധി സംഗ്രഹ അഭിയാന് തുടക്കമിട്ട് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞു. മറ്റ് മതങ്ങളുടെ അനുയായികള്‍ക്കും സംഭാവന നല്‍കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് 'എന്തുകൊണ്ട് പറ്റില്ല?. പക്ഷേ, ഇതൊരു പള്ളിയാണെങ്കില്‍, മുസ്‌ലിംകള്‍ മുന്നിയില്‍ നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍, ഹിന്ദു സമൂഹം ശ്രീരാമന്റെ ക്ഷേത്രത്തിനു വേണ്ടി മുന്നോട്ട് വരേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. തീര്‍ച്ചയായും മറ്റ് മതസ്ഥരുടെ സഹകരണവും ഞങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    വിവിധ ഹൈന്ദവ സംഘടനകളുടെ സന്നദ്ധപ്രവര്‍ത്തകര്‍ 10, 100, 1,000 രൂപയുടെ സംഭാവനാ കൂപ്പണുകളുമായാണ് ഹിന്ദു വീടുകളില്‍ ഫണ്ട് ശേഖരണത്തിനെത്തുന്നത്. സര്‍ക്കാര്‍ ഫണ്ടോ വിദേശ പണോ കോര്‍പറേറ്റുകളുടെ സംഭാവന സ്വീകരിക്കേണ്ടെന്നും തീരുമാനിച്ചതായി ട്രസ്റ്റ് അറിയിച്ചു. 1992 ഡിസംബര്‍ ആറിനു സംഘപരിവാരത്തിന്റെ നേതൃത്വത്തിലുള്ള കര്‍സേവകരാണ് ബാബരി മസ്ജിദ് തകര്‍ത്തത്. പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പള്ളിയുടെ സ്ഥലത്ത് ശ്രീരാമ ക്ഷേത്രം നിര്‍മിക്കാന്‍ സുപ്രിംകോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. പകരം അയോധ്യയില്‍ മറ്റൊരു സ്ഥലത്ത് മുസ് ലിംകള്‍ക്ക് പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നുമായിരുന്നു സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. മാത്രമല്ല, 2019 നവംബറിലുണ്ടായ വിധിയില്‍ ക്ഷേത്ര നിര്‍മാണത്തിനു വേണ്ടി ഒരു ട്രസ്റ്റ് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ 2020 ആഗസ്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമ ക്ഷേത്രത്തിനു തറക്കല്ലിട്ടത്.

President Donates Rs 5 Lakh For Ram Temple As Drive For Funds Begins

Tags:    

Similar News