മഥുരയില്‍ ക്ഷേത്രം നിര്‍മിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി: യുപി ഉപമുഖ്യമന്ത്രി

അഖില ഭാരത് ഹിന്ദു മഹാസഭയുടെ മഥുരയിലേക്കുള്ള റാലി പിന്‍വലിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് മൗര്യയുടെ ട്വീറ്റ്.

Update: 2021-12-01 13:53 GMT

ലഖ്‌നോ: ഉത്തർപ്രദേശിലെ മഥുരയില്‍ ശ്രീകൃഷ്ണ ക്ഷേത്രം നിര്‍മിക്കുന്നതിന് തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്ന് യുപി ഉപമുഖ്യമന്ത്രി. അയോധ്യയിലും കാശിയിലും ക്ഷേത്ര നിര്‍മാണം നടക്കുന്നു. മഥുരയില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നുവെന്ന് കേശവ് പ്രസാദ് മൗര്യ ട്വീറ്റ് ചെയ്തു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികം അടുത്ത് വരുന്നതിനിടെയാണ് ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന.

അഖില ഭാരത് ഹിന്ദു മഹാസഭയുടെ മഥുരയിലേക്കുള്ള റാലി പിന്‍വലിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് മൗര്യയുടെ ട്വീറ്റ്. ഷാഹി ഈദ്ഗാഹ് മസ്ജിദ് സ്ഥിതി ചെയ്യുന്നിടത്താണ് കൃഷ്ണജന്മഭൂമിയെന്ന അവകാശവാദമാണ് ഹിന്ദു മഹാസഭയും സംഘപരിവാരവും മുന്നോട്ട് വയ്ക്കുന്നത്. റാലിക്ക് ശേഷം ഷാഹി ഇദ്ഗാഹില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കാനും ചില പൂജ കര്‍മങ്ങള്‍ നടത്താനും ഹിന്ദു മഹാസഭ തീരുമാനിച്ചിരുന്നു.

കൃഷ്ണജന്മഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് മഥുരയിലെ ഒരു സിവില്‍ കോടതിയില്‍ കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച ഹരജി തള്ളിയിരുന്നു. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബ് കൃഷ്ണക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്തുവെന്നും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള മുസ്ലിം ആരാധാനാലയം മാറ്റി സ്ഥാപിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷിക ദിനത്തില്‍ മഥുരയില്‍ ഒരു തരത്തിലുള്ള ആള്‍ക്കൂട്ടവും അനുവദിക്കില്ലെന്ന് യുപി പോലിസ് വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.