യുക്രെയ്‌നിലെ പ്രസവ ആശുപത്രിയില്‍ റഷ്യന്‍ ബോംബാക്രമണം; ഗര്‍ഭിണിക്കും കുഞ്ഞിനും ദാരുണാന്ത്യം

Update: 2022-03-14 18:14 GMT

കീവ്: യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശം രണ്ടാഴ്ച പിന്നിടുമ്പോള്‍ കരളലിയിക്കുന്ന നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. ജനവാസമേഖലകളില്‍ റഷ്യന്‍ സൈന്യം നടത്തുന്ന ബോംബാക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിന്റെ റിപോര്‍ട്ടുകള്‍ വരുന്നു. ഇപ്പോഴിതാ യുക്രെയ്‌നിലെ പ്രസവ ആശുപത്രിക്ക് നേരേ റഷ്യന്‍ സേന നടത്തിയ ബോംബാക്രമണത്തില്‍ ഗര്‍ഭിണിയും കുഞ്ഞും ദാരുണമായി കൊല്ലപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. യുക്രെയ്‌നിലെ മരിയുപോളില്‍ ആശുപത്രി വാര്‍ഡില്‍ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തിരുന്ന യുവതിക്കാണ് ബോംബാക്രണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്തത്.


 ബോംബാക്രമണത്തില്‍ പരിക്കേറ്റ ഗര്‍ഭിണിയായ യുവതിയെ സ്‌ട്രെക്ച്ചറില്‍ ആംബുലന്‍സിലേക്ക് കയറ്റുന്ന ഫോട്ടോയും വീഡിയോയും പുറത്തുവന്നിരുന്നു. വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സിന്റെ മാധ്യമപ്രവര്‍ത്തകരാണ് യുവതിയെ ആംബുലന്‍സിലേക്ക് മാറ്റുന്ന ഫോട്ടോ എടുത്തത്. രക്തം പുരണ്ട അടിവയറ്റില്‍ യുവതി തലോടുന്നതും നിലവിളിക്കുന്നതുമാണ് വീഡിയോയിലുള്ളത്. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ യുവതിക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നട്ടെല്ല് ഏതാണ് വേര്‍പെട്ട് നിലയിലായിരുന്നു. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും കുഞ്ഞ് ജീവന്റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ല.

ചികില്‍സയ്ക്കിടെ തന്റെ കുഞ്ഞ് നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ യുവതി തന്നെയും കൊല്ലൂ എന്ന് പറഞ്ഞതായി മെഡിക്കല്‍ സംഘം വിശദീകരിച്ചു. 30 മിനിറ്റ് അമ്മയെ നിരീക്ഷണത്തില്‍ വച്ചെങ്കിലും രണ്ടുപേരും മരിച്ചെന്ന് സര്‍ജന്‍ തിമൂര്‍ മാരിന്‍ വ്യക്തമാക്കി. ഡോക്ടര്‍മാരുടെ സംഘം യുവതിയെ രക്ഷപ്പെടുത്താന്‍ പ്രയത്‌നിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു. മരിക്കുന്നതിന് മുമ്പ് യുവതിയുടെ പേര് വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ക്ക് ലഭിച്ചിരുന്നില്ല. പിന്നീട് യുവതിയുടെ ഭര്‍ത്താവും പിതാവും എത്തിയാണ് മൃതദേഹം കൊണ്ടുപോയത്. ബോംബാക്രമണം നടന്ന ആശുപത്രിയില്‍ ബ്ലോഗറായ മരിയാന വിശേഗിര്‍സ്‌കായയും ഉണ്ടായിരുന്നതായി റിപോര്‍ട്ടുകളുണ്ട്.

വ്യോമാക്രമണത്തിന്റെ പിറ്റേന്ന് ബ്ലോഗര്‍ ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. അവശിഷ്ടങ്ങള്‍ നിറഞ്ഞ കോണിപ്പടികളിലൂടെ മരിയാന വിശേഗിര്‍സ്‌ക സഞ്ചരിക്കുന്നതും ഗര്‍ഭത്തിന് ചുറ്റും പുതപ്പ് മുറുകെ പിടിക്കുന്നതുമായ ഫോട്ടോകളും വീഡിയോകളും പുറത്തുവിട്ടിരുന്നു. എന്നാല്‍, മരിയാന ഒരു വ്യാജ (സ്‌റ്റേജഡ്) അഭിനേതാവാണെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മരിയുപോളിലെ പ്രസവ വാര്‍ഡ് പുതുക്കിപ്പണിയുന്നതും കുഞ്ഞുങ്ങളുടെ ജനനവും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ബോംബാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റ ഗര്‍ഭിണികളായ അമ്മമാര്‍ പ്രസവ വാര്‍ഡില്‍നിന്ന് ഓടിപ്പോവുന്നതിന്റെയും കുഞ്ഞുങ്ങള്‍ കരയുന്നതിന്റെയും ഡോക്ടര്‍മാര്‍ നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അസോസിയേറ്റഡ് പ്രസ് ജേര്‍ണലിസ്റ്റുകളാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറംലോകത്തെ അറിയിച്ചത്.

എന്നാല്‍, യുക്രെയ്‌നിലെ വലത് പക്ഷ തീവ്രവാദികള്‍ മരിയുപോളിലെ പ്രസവാ ആശുപത്രിയെ താവളമായി ഉപയോഗിച്ചിരുന്നുവെന്നും ആശുപത്രിയില്‍ രോഗികളോ ഡോക്ടര്‍മാരോ ഉണ്ടായിരുന്നില്ലെന്നുമാണ് ബോംബാക്രമണത്തെക്കുറിച്ച് റഷ്യ നല്‍കിയ വിശദീകരണം. യുഎന്‍ റഷ്യന്‍ അംബാസഡറും ലണ്ടനിലെ റഷ്യന്‍ എംബസിയും ചിത്രത്തെ 'വ്യാജ വാര്‍ത്ത'എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ച് രണ്ടിന് റഷ്യന്‍ സൈന്യം നഗരം വളഞ്ഞത് മുതല്‍ നിരന്തരമായി ബോംബാക്രമണം നടത്തുകയാണെന്ന് യുക്രെയ്ന്‍ അധികൃതര്‍ വ്യക്തമാക്കി.

പ്രദേശത്ത് ഷെല്ലാക്രമണവും വെടിവയ്പ്പും നിരന്തരമായി നടക്കുന്നുണ്ട്. ഡോക്ടര്‍മാരും നഴ്‌സുമാരും ഭീതിയോടെയാണ് കഴിയുന്നത്. കുഴഞ്ഞുവീണ ഗര്‍ഭിണികളില്‍ ഒരാള്‍ക്ക് ബോംബാക്രമണത്തില്‍ കാല്‍വിരലുകള്‍ നഷ്ടപ്പെട്ടു. എന്നാല്‍, ശസ്ത്രക്രിയയിലൂടെ മകളെ പുറത്തെടുത്തത് ആശ്വാസമായി. ബോംബാക്രമണത്തെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി ഏകദേശം 4,00,000 ജനങ്ങള്‍ വെളളവും ഭക്ഷണവും മരുന്നും ലഭിക്കാതെ വലയുകയാണ്. മരിയുപോളിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതിയും ഫോണ്‍ കണക്ഷനും വിച്ഛേദിച്ചിട്ടുണ്ട്.

എമര്‍ജന്‍സി ജനറേറ്ററുകളില്‍ നിന്നുള്ള വൈദ്യുതി ഓപറേഷന്‍ റൂമുകള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്. യുക്രെയ്‌നിലെ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് നേരെയുളള എല്ലാ ആക്രമണങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് ഞായറാഴ്ച ലോകാരോഗ്യ സംഘടന റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. ദുര്‍ബലരായ കുഞ്ഞുങ്ങള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധ സേവകര്‍ തുടങ്ങിയവരെ ആക്രമിക്കുന്നത് മനസ്സാക്ഷിയില്ലാത്ത ക്രൂരതയാണെന്നും ലോകാരോഗ്യ സംഘടനയിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Tags:    

Similar News