ഹിന്ദു ദേശീയവാദത്തിൽ ബിജെപിയെ പിന്തളളാനുളള ശ്രമത്തിലാണ് കേജ്‌രിവാൾ: പ്രശാന്ത് ഭൂഷൺ
ലോക്പാൽ കാംപയിനിൽ അരവിന്ദ് കേജ്‌രിവാളിന്റെ പങ്കാളിയായതിലും സഹായിച്ചതിലും ഞാൻ ഇന്ന് ലജ്ജിക്കുന്നു.
ന്യൂഡൽഹി: ലോക്പാൽ കാംപയിനിൽ അരവിന്ദ് കേജ്‌രിവാളിന്റെ പങ്കാളിയായതിലും സഹായിച്ചതിലും താൻ ഇന്ന് ലജ്ജിക്കുന്നുവെന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഹിന്ദു ദേശീയവാദത്തിൽ ബിജെപിയെ പിന്തളളാനുളള ശ്രമത്തിലാണ് കേജ്‌രിവാൾ എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
പ്രായമായവർക്ക് അയോദ്ധ്യ രാമക്ഷേത്രത്തിലേക്ക് സൗജന്യ യാത്രയൊരുക്കുമെന്ന ഡൽഹി മുഖ്യമന്ത്രിയുടെ പ്രസ്താവന അടങ്ങിയ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇത്തരമൊരു പ്രതികരണം നടത്തിയത്. ഹിന്ദു ദേശീയവാദത്തിൽ ബിജെപിയെ പിന്തളളാനാണ് കേജ്‌രിവാൾ ശ്രമിക്കുന്നതെന്നും പ്രശാന്ത് ഭൂഷൺ തന്റെ കുറിപ്പിൽ ആരോപിച്ചു.
ലോക്പാൽ കാംപയിനിൽ അരവിന്ദ് കേജ്‌രിവാളിന്റെ പങ്കാളിയായതിലും സഹായിച്ചതിലും ഞാൻ ഇന്ന് ലജ്ജിക്കുന്നു. അയാൾ മുഖ്യമന്ത്രി ആകുന്നതിനുവേണ്ടി കാംപയിനെ ഉപയോഗിച്ചു. അതിനുശേഷം ലോക്പാലിനെയും ആംആദ്മി പാർട്ടിയുടെ മൂലധന ശേഖരണത്തിന്റെ സുതാര്യതയെയും ബദൽ രാഷ്ട്രീയത്തെയും വലിച്ചെറിഞ്ഞു. ഇപ്പോൾ ഹിന്ദു ദേശീയവാദത്തിൽ ബിജെപിയെ പിന്തളളാൻ ശ്രമിക്കുകയാണെന്നും പ്രശാന്ത് ഭൂഷൺ കുറിച്ചു.
രാമക്ഷേത്ര വിഷയത്തിൽ നേരത്തേയും അരവിന്ദ് കേജ്രിവാളിനെതിരേ വ്യാപക വിമർശനം ഉയർന്നിരുന്നു. ആർഎസ്എസിന്റെ ബി ടീമാണ് ആംആദ്മി പാർട്ടിയെന്നാണ് സാമൂഹിക മാധ്യമങ്ങൾ പറയുന്നത്.
