ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ന്യൂസ് ക്ലിക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കായസ്ത ജയിലില്‍ നിന്നിറങ്ങി. ഏഴര മാസമായി തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്ന പുര്‍കായസ്തയുടെ യു.എ.പി.എ ചുമത്തിയുള്ള അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ജാമ്യം നല്‍കിയത്. റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കാത്തത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
2023 ഒക്ടോബര്‍ മൂന്നിന് അറസ്റ്റുചെയ്ത് നാലിന് രാവിലെ ആറിന് റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് പുര്‍കായസ്തക്കോ അഭിഭാഷകനോ റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കിയില്ലെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. അറസ്റ്റ് ചെയ്യുമ്പോള്‍ കൃത്യമായ കാരണം രേഖാമൂലം എഴുതി നല്‍കണമെന്ന് പങ്കജ് ബന്‍സാല്‍ കേസില്‍ സുപ്രിംകോടതി സിംഗിള്‍ ബെഞ്ച് വിധിയുണ്ട്. അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്നാണ് മനസ്സിലാകുന്നതെന്നും റദ്ദാക്കുന്നുവെന്നും ഉത്തരവില്‍ വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പങ്കജ് ബന്‍സാലിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിനുള്ള കാരണം രേഖാമൂലം എഴുതി നല്‍കണമെന്ന് സുപ്രിംകോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ഒക്ടോബറിലാണ് വിധിച്ചത്. ഈ വിധി യു.എ.പി.എ കേസിലും ബാധകമാകുമോ എന്നാണ് പുര്‍കായസ്ത കേസില്‍ ജസ്റ്റിസ് ബി.ആര്‍. ഗവായി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ച് പരിശോധിച്ചത്.
ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് സീകരിക്കുന്നുവെന്ന ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് വന്നതിനുപിന്നാലെ കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട 30 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുകയും പ്രബീര്‍ പുര്‍കായസ്ത, എച്ച്.ആര്‍. മേധാവി അമിത് ചക്രവര്‍ത്തി എന്നിവരെ യു.എ.പി.എ ചുമത്തി ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ന്യൂസ്‌ക്ലിക് ഓഫിസ് പൂട്ടി മുദ്രവെച്ച പോലിസ്, കമ്പ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുത്തു. അറസ്റ്റും റിമാന്‍ഡും വിചാരണക്കോടതിയും ഹൈകോടതിയും ശരിവെച്ചതോടെ ഇരുവരും സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
