പ്രവാസികളുടെ തിരിച്ചുവരവ്: കേരളത്തിന് മാത്രമായി ഒരു ചട്ടം പറ്റില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

വന്ദേഭാരത് മിഷന്‍ വിമാനയാത്രക്കാര്‍ക്ക് ഒരു തരത്തിലുള്ള നിബന്ധനകളും ബാധകമായിരിക്കില്ലെന്നും വി മുരളീധരന്‍ വ്യക്തമാക്കി.

Update: 2020-06-25 13:38 GMT

ന്യൂഡല്‍ഹി: പ്രവാസികളുടെ മടക്കം സംബന്ധിച്ച് കേരളത്തിന് മാത്രമായി പ്രത്യേകചട്ടം ഉണ്ടാക്കി നടപ്പിലാക്കാനാകില്ലെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരന്‍. കേരളം പറഞ്ഞ ചട്ടങ്ങള്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് മാത്രമേ ബാധകമാക്കാനാകൂ. വന്ദേഭാരത് മിഷന്‍ വിമാനയാത്രക്കാര്‍ക്ക് ഒരു തരത്തിലുള്ള നിബന്ധനകളും ബാധകമായിരിക്കില്ലെന്നും വി മുരളീധരന്‍ വ്യക്തമാക്കി.

കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാനാകില്ലെന്ന നിലപാടാണ് ആദ്യം സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചതെങ്കില്‍ പ്രവാസലോകത്ത് നിന്നുള്ള വ്യാപകപ്രതിഷേധത്തെത്തുടര്‍ന്ന് ഈ നിബന്ധനയില്‍ ഇളവ് വരുത്താന്‍ തീരുമാനിക്കുകയായിരുന്നു. പരിശോധനാ സൗകര്യമില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് നോ കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട, പകരം പിപിഇ കിറ്റ് ധരിച്ചാല്‍ മതിയെന്നാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. യാത്ര ചെയ്യുന്നവര്‍ക്ക് പിപിഇ കിറ്റുകള്‍ നല്‍കേണ്ടത് വിമാനക്കമ്പനികള്‍ തന്നെയാണ്.

പരിശോധനാസൗകര്യമില്ലാത്ത സൗദി, കുവൈറ്റ്, ബഹ്‌റിന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഖത്തറിലും യുഎഇയിലും പരിശോധനാസൗകര്യങ്ങളുണ്ട്. ഇവിടെ നിന്ന് വരുന്നവര്‍ക്ക് പരിശോധന നിര്‍ബന്ധമാണെന്നും സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഈ ചട്ടങ്ങള്‍ വന്ദേഭാരത് മിഷനിലൂടെ വരുന്ന പ്രവാസികള്‍ക്കും നിര്‍ബന്ധമാണെന്ന് സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാലിത് കേരളത്തിലേക്കുള്ള വിമാനങ്ങളില്‍ മാത്രമായി പ്രായോഗികമാകില്ല എന്ന നിലപാട് സംസ്ഥാനസര്‍ക്കാരിനെ വിദേശകാര്യമന്ത്രാലയം അറിയിച്ചെന്നാണ് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കിയത്.

''ഇപ്പോള്‍ നിരീക്ഷണത്തിലിരിക്കുന്ന പ്രവാസികളിലും ബാക്കിയുള്ളവരിലും എത്രത്തോളം പരിശോധന നടക്കുന്നു? വിമാനത്താവളങ്ങളില്‍ ആന്റിബോഡി ടെസ്റ്റ് നടത്തുന്ന കാര്യം ഇന്നലെയാണ് പ്രഖ്യാപിക്കപ്പെട്ടത്. ചിലവ് കുറഞ്ഞ ഈ സംവിധാനം നേരത്തേ എന്തുകൊണ്ട് നടപ്പാക്കിയില്ല? ട്രൂനാറ്റ് കേരളത്തില്‍ നടത്താതിരിക്കുന്നത് എന്താണ്? ഇത് വിദേശത്തേക്ക് കയറ്റി അയക്കണം എന്ന് പറയുന്നത് എന്തിനാണ്? സംസ്ഥാനത്ത് പരിശോധനാ നിരക്ക് വളരെ കുറവാണ്. ഒന്നരലക്ഷം പ്രവാസികള്‍ തിരികെ വന്നതില്‍ ആയിരത്തിയഞ്ഞൂറില്‍പ്പരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം വന്നവര്‍ക്ക് പ്രത്യേകവിമാനം പ്രായോഗികമാണോ?'', എന്ന് വി മുരളീധരന്‍.

വിദേശത്ത് നിന്ന് മടങ്ങി വരുന്നവര്‍ക്ക് സംസ്ഥാനങ്ങള്‍ ക്വാറന്റീനില്‍ പാര്‍പ്പിക്കണം. അവരില്‍ എത്ര പേര്‍ക്ക് ടെസ്റ്റ് നടത്തണമെന്ന് സംസ്ഥാനസര്‍ക്കാരിന് തീരുമാനിക്കാം. അതാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്നും, അതല്ലാതെ കേരളത്തിന് മാത്രമായി വേറെ ചട്ടം കൊണ്ടുവന്നാല്‍ ഇത് ഉറപ്പുവരുത്താന്‍ വിദേശകാര്യമന്ത്രാലയത്തിന് കഴിയില്ല.

വിവാഹം കഴിക്കാന്‍ വരുന്നവരും അവരുടെ ബന്ധുക്കളും ക്വാറന്റീനില്‍ കഴിയേണ്ടതില്ല എന്ന് കേരള സര്‍ക്കാര്‍ പറയുന്നു. വിവാഹ വീടുകളെ കൊറോണ വൈറസ് ഒഴിവാക്കുമോയെന്ന് ഏതെങ്കിലും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടോ ? കേരളത്തിനു വേണ്ടിമാത്രം പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ മുഴുവന്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനങ്ങള്‍ അവരെ ക്വാറന്റീനില്‍ വെക്കണം. അവരെ പരിശോധനയ്ക്ക് വിധേയരാക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് അതിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


Tags: