അഫ്ഗാന്‍ സൈനികരോടൊപ്പം യാത്ര, ഇടയില്‍ റോക്കറ്റാക്രമണം; ഡാനിഷ് സിദ്ദിഖി പങ്കുവച്ച അവസാന വീഡിയോ

അഫ്ഗാന്‍ സൈന്യത്തോടൊപ്പം രാജ്യത്തെ സംഘര്‍ഷ മേഖലകളില്‍ സഞ്ചരിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി വരികയായിരുന്നു ഡാനിഷ്. ചില ചിത്രങ്ങളും ജോലിക്കിടയിലെ സംഭവങ്ങളും മറ്റും ഇദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

Update: 2021-07-16 11:55 GMT

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ നിലവിലെ സംഘര്‍ഷങ്ങള്‍ കവര്‍ ചെയ്യാന്‍ പോയ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടിരിക്കുകയാണ്. അഫ്ഗാന്‍ സൈനികരും താലിബാനും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ താലിബാന്‍ ആക്രമണത്തിലാണ് റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേര്‍ണലിസ്റ്റായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്.

അഫ്ഗാന്‍ സൈന്യത്തോടൊപ്പം രാജ്യത്തെ സംഘര്‍ഷ മേഖലകളില്‍ സഞ്ചരിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി വരികയായിരുന്നു ഡാനിഷ്. ചില ചിത്രങ്ങളും ജോലിക്കിടയിലെ സംഭവങ്ങളും മറ്റും ഇദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ജൂലൈ 13ന് സൈനിക വാഹനത്തില്‍ പോകവെ വാഹനത്തിനു നേരെ വന്ന ആക്രമങ്ങളുടെ ഒരു ദൃശ്യം ഡാനിഷ് പങ്കു വെച്ചിരുന്നു. വീഡിയോയില്‍ കാണുന്ന സൈനിക വാഹനത്തിന്റെ ചില്ല് തകര്‍ന്നിട്ടുണ്ട്. ഇടയ്ക്ക് വാഹനത്തെ ലക്ഷ്യം വെച്ച് ഒരു റോക്കറ്റാക്രമണവും വന്നു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഡാനിഷ് ട്വീറ്റില്‍ പറയുന്നുണ്ട്.

പുലിസ്റ്റര്‍ പ്രൈസ് നേടിയ ഡാനിഷിന്റെ പല ഫോട്ടോകളും അന്തരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണ്. റോഹിൻഗ്യന്‍ വംശജരുടെ ദുരിതം, ഡല്‍ഹി കലാപം, ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ എന്നിവ സംബന്ധിച്ച് ഡാനിഷ് എടുത്ത ഫോട്ടോകള്‍ വലിയ ചര്‍ച്ചയായിരുന്നു.

കാണ്ഡഹാറില്‍ വെച്ച് അഫഗാന്‍ സേനയ്‌ക്കെതിരേ നടന്ന താലിബാന്‍ ആക്രമണത്തിലാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. 1990 കളില്‍ താലിബാന്റെ പ്രധാന കേന്ദ്രമായിരുന്നു കാണ്ഡഹാര്‍. മേഖലയില്‍ നിന്നും വിദേശ സൈന്യം പിന്‍വാങ്ങുന്നതിനിടെ ഇവിടെ വീണ്ടും വേരുറപ്പിക്കുകയാണ് താലിബാന്‍. പ്രവിശ്യയിലെ പ്രധാന പ്രദേശങ്ങള്‍ ഇതിനകം താലിബാന്‍ കൈക്കലാക്കിയിട്ടുണ്ട്.