ക്ലാസ് മുറിയില്‍ പെണ്‍കുട്ടികളെ അശ്ലീലവീഡിയോ കാണിച്ചു; അധ്യാപകന്റെ മുഖത്ത് കരി ഓയില്‍ ഒഴിച്ചു, ചെരിപ്പുമാല

Update: 2022-09-30 07:00 GMT

ചായിബാസ: ക്ലാസ് മുറിയില്‍ വച്ച് പെണ്‍കുട്ടികളെ അശ്ലീലവീഡിയോ കാണിച്ച അധ്യാപകന്റെ മുഖത്ത് നാട്ടുകാര്‍ കരി ഓയിലൊഴിച്ച് പ്രതിഷേധിച്ചു. ചെരിപ്പ് മാല അണിയിക്കുകയും ചെയ്തു. ഝാര്‍ഖണ്ഡിലെ ചായിബാസയിലാണ് സംഭവം. ഇയാള്‍ പെണ്‍കുട്ടികളെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചെന്നും ആരോപണമുണ്ട്.

യുപി സ്‌കൂളില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥികളാണ് അധ്യാപകന്‍ തങ്ങളെ അശ്ലീലവീഡിയോ കാണിച്ചെന്നും തെറ്റായി സ്പര്‍ശിച്ചെന്നും മാതാപിതാക്കളോട് പരാതി പറഞ്ഞത്. അധ്യാപകനെതിരെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കി. എന്നാല്‍, പോലിസ് നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്നാണ് നാട്ടുകൂട്ടം ചേര്‍ന്ന് അധ്യാപകനെ ശിക്ഷിക്കാന്‍ തീരുമാനിച്ചത്. അങ്ങനെയായിരുന്നു നാട്ടുകാരുടെ കരിയഭിഷേകം നടന്നത്. പ്രതിഷേധത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. വിവരമറിഞ്ഞെത്തിയ പോലിസ് അധ്യാപകനെ രക്ഷിക്കുകയായിരുന്നു. പിന്നാലെ, അധ്യാപകനെ ജയിലിലാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ധര്‍ണ നടത്തി. സംഭവം അന്വേഷിക്കാമെന്ന് പോലിസ് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.