പോപുലര്‍ഫ്രണ്ട് വേട്ട; എസ്പി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

സര്‍ക്കാരും പോലിസും ആര്‍എസ്എസ് നിര്‍മിത പൊതുബോധത്തോടൊപ്പം: യഹ്‌യ തങ്ങള്‍

Update: 2022-05-28 11:01 GMT

ആലപ്പുഴ: ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യത്തിന്റെ പേരില്‍ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആലപ്പുഴയിലെ പോലിസ് നടത്തുന്ന നരനായാട്ടിനെതിരേ പോപുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എസ്പി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. രാവിലെ 11ന് ഇരുമ്പ് പാലത്തില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് എസ്പി ഓഫിസിന് മുന്നില്‍ പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.

പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹ്‌യ തങ്ങള്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സര്‍ക്കാരും പോലിസും ആര്‍എസ്എസ് നിര്‍മിത പൊതുബോധത്തോടൊപ്പം നിന്ന് കൊണ്ട് നടത്തുന്ന പോലിസ് വേട്ടയാണ് ആലപ്പുഴ ജില്ലയില്‍ ഉടനീളം പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരേ നടക്കുന്നത്. ആര്‍എസ്എസിന് ദാസ്യവേല നടത്തുന്ന പോലിസ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന കാലം വരെ തെരുവുകള്‍ പ്രക്ഷുബ്ധമാക്കുമെന്നും കുട്ടി ഉയര്‍ത്തിയ മുദ്രാവാക്യം വിളിയിലേക്ക് നയിച്ച സാമൂഹിക സാഹചര്യം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പത്ത് ദിവസത്തെ പ്രചാരണത്തിലൂടെ ജന ലക്ഷങ്ങള്‍ ആലപ്പുഴയിലേക്ക് ഒഴുകിയെത്തിയെങ്കില്‍ സംഘടന മുന്നോട്ട് വെക്കുന്ന ആശയം നെഞ്ചിലേറ്റി രാജ്യത്തെ പൊതു സമൂഹം പോപുലര്‍ ഫ്രണ്ട് വിളിക്കുന്നിടത്തേക്ക് എത്തുന്ന സാമൂഹിക സാഹചര്യം വരാനിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരം സോണല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, ജില്ലാ സെക്രട്ടറി ഷിറാസ് സലീം സംസാരിച്ചു. സുധീര്‍ വണ്ടാനം, അനീസ് മൗലവി, ബി നൗഷാദ്, ഷിഹാബ് പള്ളിവെളി, ഷഫീക്ക് കാര്‍ത്തികപ്പള്ളി മാര്‍ച്ചിന് നേതൃത്വം നല്‍കി.

Tags:    

Similar News