പോപുലർ ഫ്രണ്ട്‌ യൂണിറ്റി മീറ്റ്‌: പുവ്വാട്ടുപറമ്പിൽ ഇ അബൂബക്കർ ഉദ്ഘാടനം ചെയ്യും

സേവ്‌ ദി റിപബ്ലിക്ക്‌ എന്ന പ്രമേയത്തിൽ സംസ്ഥാനത്ത്‌ 19 കേന്ദ്രങ്ങളിലാണ്‌ യൂണിറ്റി മീറ്റ്‌ നടക്കുന്നത്‌.

Update: 2022-02-16 16:01 GMT

കോഴിക്കോട്: പോപുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന്‌ കോഴിക്കോട്‌ സൗത്ത്‌ ജില്ല സംഘടിപ്പിക്കുന്ന യൂണിറ്റി മീറ്റ്‌ പുവ്വാട്ടുപറമ്പിൽ വ്യാഴാഴ്ച്ച നടക്കും. പുവ്വാട്ടുപറമ്പ്‌ പഞ്ചായത്ത്‌ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി മുൻ ദേശീയ ചെയർമാൻ ഇ അബൂബക്കർ ഉദ്ഘാടനം ചെയ്യും.

സേവ്‌ ദി റിപബ്ലിക്ക്‌ എന്ന പ്രമേയത്തിൽ സംസ്ഥാനത്ത്‌ 19 കേന്ദ്രങ്ങളിലാണ്‌ യൂണിറ്റി മീറ്റ്‌ നടക്കുന്നത്‌. വൈകുന്നേരം 4:30ന്‌ യൂനിഫോമിട്ട കാഡറ്റുകൾ അണിനിരക്കുന്ന യൂനിറ്റി മീറ്റും പൊതുസമ്മേളനവും നടക്കും. മുൻ ചെയർമാൻ കാഡറ്റുകളിൽ നിന്ന് സല്യൂട്ട്‌ സ്വീകരിക്കും. അഡ്വ: എം എം റഫീഖ്‌ പ്രഭാഷണം നടത്തും.

നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും കടുത്ത ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്‌. എതിർ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ ഒരു വശത്തും, മുസ്ലിം ദലിത്‌ പിന്നാക്ക വിഭാഗങ്ങളെ ദേശവിരുദ്ധരായി ചിത്രീകരിച്ച്‌ ഹിന്ദുത്വ രാഷട്രമെന്ന സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങൾ മറുവശത്തും നടക്കുകയാണ്‌.

രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന്‌ വിരുദ്ധമായി മുസ്ലിം സ്വത്വത്തെ വെല്ലുവിളിക്കുന്ന സമീപനങ്ങളാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്‌. ഇത്തരമൊരു സാഹചര്യത്തിൽ രാജ്യത്തിന്റെ ജനാധിപത്യ മതേതര സ്വഭാവം പരിരക്ഷിക്കാനും ഭരണഘടനയെ സംരക്ഷിക്കാനും നാം ഓരോരുത്തരും രംഗത്തിറങ്ങേണ്ടതുണ്ട്‌. അതിനാൽ ഹിന്ദുത്വവാദികളുടെ ദേശവിരുദ്ധമായ വർഗ്ഗീയ ഫാഷിസ്റ്റ്‌ നീക്കങ്ങളെ ചെറുത്തു തോൽപിക്കാൻ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും ഒന്നിച്ച്‌ അണിനിരന്ന് നമ്മുടെ റിപബ്ലിക്കിനെ സംരക്ഷിക്കാൻ മുന്നോട്ട്‌ വരണമെന്ന് ആഹ്വാനം ചെയ്യുന്നു.

കെ കെ കബീർ, പോപുലർ ഫ്രണ്ട് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡൻ്റ്, എംസി സക്കീർ പോപുലർ ഫ്രണ്ട് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി, മുസ്തഫ കൊമ്മേരി, എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ്, ജമീല ടീച്ചർ എൻഡബ്ല്യു കോഴിക്കോട് ജില്ലാ പ്രസിഡൻ്റ്, നാസർ ലതീഫി ആൾ ഇന്ത്യാ ഇമാം കൗൺസിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി, മുഹമ്മദ് ഹിഷാം കാംപസ് ഫ്രണ്ട് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡൻ്റ് എന്നിവർ സംബന്ധിക്കും.